കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവ വേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് .കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആർത്തവ കാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കുടുംബശ്രീ ഗവേണിങ് ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.
“വനിതകളിൽ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക’ എന്ന ഈ വർഷത്തെ അന്താരാഷ്‌ട്ര വനിതാദിന സന്ദേശം 25 വർഷം മുമ്പേ നടപ്പാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും അതിഗംഭീരമായ ഒരു യാത്രയാണ് കുടുംബശ്രീ പിന്നിട്ടതെന്നും വിശിഷ്ടാതിഥിയായ ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവർത്തകയുമായ വിധു വിൻസെന്‍റ് പറഞ്ഞു.