കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു കാശ്മീരിനും ലഡാക്കിനും ഇടയിൽ കുടുങ്ങിയ 700ലധികം യാത്രക്കാരെയാണ് വ്യോമസേന എയർ ലിഫ്റ്റ് ചെയ്തിരിക്കുന്നത്.ഐഎൽ-76 ന്റെ വിമാനങ്ങളിലായി 514 യാത്രക്കാരെയാണ് ജമ്മുവിൽ നിന്ന് ലേയിലേക്ക് എത്തിച്ചത്. കൂടാതെ, ശ്രീനഗറിൽ നിന്ന് 223 പേരെയും ലേയിൽ എത്തിച്ചു. ഇതോടെ, ഈയാഴ്ച ജമ്മുവിനും ലഡാക്കിനും ഇടയിൽ കുടുങ്ങിയ 1251 പേരെയാണ് വ്യോമസേന രക്ഷപ്പെടുത്തിയിരിക്കുന്നത്.
ജമ്മു കാശ്മീരിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മഞ്ഞുവീഴ്ച ആരംഭിച്ചതോടെ നിരവധി വിനോദസഞ്ചാരികളാണ് ജമ്മു കാശ്മീരിലേക്ക് ദിനംപ്രതി എത്തിച്ചേരുന്നത്.ഇതിനെ തുടർന്ന് 434 കിലോമീറ്റർ ദൈർഘ്യമുള്ള ശ്രീനഗർ-ലേ ദേശീയപാത അടച്ചിട്ടിരുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ജമ്മുവിനും ശ്രീനഗറിനും ഇടയിൽ ആഴ്ചയിൽ മൂന്ന് തവണയും, ശ്രീനഗറിനും കാർഗിലിനും ഇടയിൽ ആഴ്ചയിൽ രണ്ട് തവണയും വ്യോമസേന എയർലിഫ്റ്റ് നടത്തുന്നുണ്ട്.