മദ്യത്തിന് ഇനി ‘ഹൈ സെക്യൂരിറ്റി’

At Malayalam
1 Min Read

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 30 സുരക്ഷാ സങ്കേതങ്ങള്‍ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്‍റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലാണു മുദ്രണം ചെയ്യുക. മദ്യ വിതരണ ശൃംഖലയിൽ ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം നടപ്പിലാകുന്നുവെന്നതാണ് ഇതിന്‍റെ സവിശേഷത. ഉത്പന്ന സുരക്ഷയും കാര്യക്ഷമമായ ഇൻവെന്‍ററി മാനെജ്‌മെന്‍റും ഉറപ്പാക്കും. മദ്യ വിതരണ സംവിധാനം പൂർണമായും തത്സമയം അധികൃതർക്ക് നിരീക്ഷിക്കാനും ഈ സാങ്കേതിക വിദ്യ സൗകര്യമൊരുക്കും. ക്യു ആർ കോഡ് സ്കാൻ ചെയ്താൽ ഏത് ഉപഭോക്താവിനും മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഏത് വെയർഹൌസിൽ സൂക്ഷിച്ചെന്നും, എപ്പോഴാണ് വിൽപ്പന സ്റ്റോക്കിൽ വന്നത് എന്നുമെല്ലാം അറിയാനാവും.

നികുതി വെട്ടിപ്പ് പൂർണമായും അവസാനിപ്പിക്കാനും സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു. ഹോളോഗ്രാം സി ഡിറ്റാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ സംവിധാനത്തിന്‍റെ ട്രയൽ റണ്‍ നടക്കുകയാണ്. പൂർണതോതിൽ വളരെ വേഗം പുതിയ ഹോളോഗ്രാം മദ്യക്കുപ്പികളിൽ പതിച്ചുതുടങ്ങും. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റെ സാന്നിധ്യത്തിൽ ഹോളോഗ്രാം സംബന്ധിച്ച ധാരണാപത്രത്തിൽ ബെവ്റിജസ് കോർപ്പറേഷൻ സിഎംഡി യോഗേഷ് ഗുപ്ത, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ്, സിഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എ കെ എന്നിവർ ഒപ്പുവച്ചു.

Share This Article
Leave a comment