മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ കുടത്തിനകത്ത് തല കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി. കഴുത്തില്‍ കുടുങ്ങിയ കുടവുമായി അഞ്ചു മണിക്കൂറോളം പുലി ഓടിയത് ധുലെയിലെ ശിവാര ഗ്രാമത്തില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിനു പിന്നാലെ മയക്കുവെടിവച്ച് പിടികൂടിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുടം അറുത്തുമാറ്റിയാണ് പുലിയെ രക്ഷപ്പെടുത്തിയത്.
അലുമിനിയം കലം എങ്ങനെ പുലിയുടെ തലയിൽ കുടുങ്ങിയെന്ന അത്ഭുതം, ആശങ്കയ്ക്ക് വഴിമാറിയ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തിലുണ്ടായത്. ഗ്രാമത്തിൽ പുലിയിറങ്ങിയെന്ന പരിഭ്രാന്തിക്ക് പിന്നാലെയാണ് തലയിൽ കുടുങ്ങിയ ലോഹ കുടവുമായി ഗ്രാമവാസികളെ പുലി മുൾമുനയിൽ നിർത്തിയത്.
രാജ്യത്തെ പുലികളുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനയുണ്ടായെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്തു വന്ന് ഏറെ നാളുകൾ കഴിയും മുൻപാണ് ധുലെയിലെ സംഭവമെന്നതാണ് ശ്രദ്ധേയം. 2018ൽ 12,852 പുലികളാണ് രാജ്യത്തുണ്ടായിരുന്നത്. 2022 ൽ ഇത് 13,874 ആയി വർധിച്ചിട്ടുണ്ട്. മധ്യപ്രദേശിലാണ് ഏറ്റവുമധികം പുലികളെ കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര ,കർണാടക ,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ തൊട്ടു പിന്നാലെയുള്ളത്.
എണ്ണം വർധിച്ചതിനു പിന്നാലെ മനുഷ്യ- മൃഗ സംഘർഷം വർധിക്കുന്നതായാണ് മഹാരാഷ്ട്ര വനംവകുപ്പ് നിരീക്ഷിക്കുന്നത്. മഹാരാഷ്ട്രയിൽ ആർട്ടിഫീഷ്യൽ ഇന്‍റലിജൻസ് അടക്കമുള്ളവ ഉപയോഗിച്ചാണ് മനുഷ്യ മൃഗ -സംഘർഷം കുറയ്ക്കാനുള്ള ശ്രമം വനംവകുപ്പ് നടത്തുന്നത്. കടുവകൾ അടക്കം വന്യജീവികൾ ജനവാസ മേഖലയിലേക്കെത്തുമ്പോൾ മുന്നറിയിപ്പ് നൽകാനും വനംവകുപ്പ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്
