സേഫായി ചാർജ് ചെയ്യാൻ

At Malayalam
3 Min Read

സ്മാർട്ട്ഫോണുകളെ സംബന്ധിച്ചിടത്തോളം, ഫോൺ വാങ്ങുമ്പോൾ ഏ​ത് ഘടകത്തിന് പ്രാധാന്യം കൊടുത്താലും വാങ്ങിക്കഴിഞ്ഞാൽ നാം ഏറെ പ്രാധാന്യം കൊടുക്കേണ്ടത് ബാറ്ററിക്കാണ്. മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ, ബാറ്ററി ശേഷി എന്നിങ്ങനെ പല ഘടകങ്ങൾ പരിഗണിച്ചാണ് നാം സ്മാർട്ട്ഫോൺ തിരഞ്ഞെടുക്കുക. എന്നാൽ ഫോൺ വാങ്ങിക്കഴിഞ്ഞാൽ പരിഗണിക്കേണ്ടത് ബാറ്ററിയുടെ ആരോഗ്യമാണ്.

കാരണം സ്മാർട്ട്ഫോൺ നന്നായി പ്രവർത്തിക്കണമെങ്കിൽ ആരോഗ്യമുള്ള ഒരു ബാറ്ററി ഉണ്ടാവണം. സ്മാർട്ട്ഫോണുകളുടെ ജീവൻ നിലനിർത്തുന്നത് ബാറ്ററി ചാർജ് ആണ്. ചാർജിങ്ങിൽ നാം വരുത്തുന്ന പിഴവുകളും അ‌ശ്രദ്ധയും ബാറ്ററിയുടെ അ‌കാല ചരമത്തിലേക്കും ഫോണിന്റെ റിപ്പയറിങ്ങിലേക്കും കാര്യങ്ങൾ കൊണ്ടെത്തിക്കും. അ‌തിനാൽ ചാർജിങ്ങിന്റെ കാര്യത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

- Advertisement -

അ‌ശ്രദ്ധ ചിലപ്പോൾ ആളുകളുടെ ജീവനെടുക്കുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ കൊണ്ടെത്തിക്കും. പലരും പല ബോധ്യങ്ങളുടെ അ‌ടിസ്ഥാനത്തിൽ ആണ് ഫോൺ ചാർജ് ചെയ്യുക. അ‌തിൽ പലതും എന്നോ കേട്ട അ‌ശാസ്ത്രീയ രീതികളായിരിക്കും. കാലം മാറി, ഫോണുകളും മാറി. പുത്തൻ ചാർജിങ് സാങ്കേതിക വിദ്യകൾ ഒക്കെയെത്തി.

സ്മാർട്ട്ഫോണിന്റെ ബാറ്ററി ചാർജ് കുറഞ്ഞിരിക്കുന്നത് പലർക്കും ഇഷ്ടമല്ല, അ‌തിനാൽ ചിലർ ഇടയ്ക്കിടയ്ക്ക് ഫോൺ ചാർജ് ചെയ്യാൻ വയ്ക്കുന്നു. എന്നാൽ ഇത് തികച്ചും തെറ്റായ ഒരു നടപടിയാണ് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫോൺ ചാർജ് എപ്പോഴും 20 ശതമാനത്തിൽ കുറയാതിരിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

അ‌തായത് ഫോൺ ചാർജ് ചെയ്യാൻ തീരെ ചാർജ് കുറയും വരെ കാത്തിരിക്കാതെ 20 ശതമാനത്തിന് താഴേക്ക് ബാറ്ററി ചാർജ് എത്തുമ്പോൾ ചാർജിങ്ങിന് ഇടാം. പിന്നീട് ചാർജ് ഒരു 90 ശതമാനം കയറും വരെ ഫോൺ ചാർജിങ്ങിലിടുന്നതാണ് കൂടുതൽ നല്ലത്. ഇടയ്ക്കിടയ്ക്ക് ചാർജ് ചെയ്യുന്നത് ഒഴിവാക്കണം.

- Advertisement -

ഫോൺ ചാർജ് 0 ശതമാനത്തിലേക്ക് എത്തി ഫോൺ ഓഫ് ആകുന്നത് വരെ ഒരിക്കലും കാത്തിരിക്കരുത്. ഫോൺ ഓഫ് ആകും മുമ്പ് ചാർജിങ് ആരംഭിക്കാൻ ശ്രദ്ധിക്കണം എന്നതും പ്രധാനമാണ്. നിങ്ങൾ ഒരു ഫാസ്റ്റ് ചാർജറിലാണ് ചാർജ് ചെയ്യുന്നതെങ്കിൽ, 0 ശതമാനത്തിൽനിന്ന് ബാറ്ററി ചാർജ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ ചൂടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

- Advertisement -

ഒരു സാധാരണ ചാർജിംഗ് സൈക്കിൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും അ‌നുയോജ്യം. ചാർജിങ്ങി​നിടെ ഫോൺ അസാധാരണമായി ചൂടായാൽ ഡിസ്‌പ്ലേ സ്വിച്ച് ഓഫ് ആകുന്നത് വരെ പവർ ബട്ടൺ അമർത്തിപ്പിടിക്കുക. പിന്നീട് ചൂട് മാറിയ ശേഷം മാത്രം ഓൺ ആക്കുക. കൂടാതെ നിങ്ങളുടെ ഫോൺ ബാറ്ററി ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നതല്ലെങ്കിൽ ഫാസ്റ്റ് ചാർജർ ഉപയോഗിക്കാതിരിക്കുക.

യഥാർഥ ചാർജർ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം. മറ്റ് ഫോണുകളുടെ ചാർജർ ഉപയോഗിക്കുന്നതും വില കുറഞ്ഞ ചാർജറുകൾ വാങ്ങി ഉപയോഗിക്കുന്നതും അ‌ത്ര നല്ലതല്ല. അത് ബാറ്ററി പ്രകടനത്തെയും ചാർജ് സംഭരിക്കാനുള്ള ശേഷിയെയും മൊത്തത്തിലുള്ള ജീവിതത്തെയും (ആവർത്തിച്ച് ചെയ്താൽ) ബാധിക്കും.

റീപ്ലേസ്‌മെന്റ് ചാർജറിന്റെ ഔട്ട്‌പുട്ട് വോൾട്ടേജും (V) കറന്റ് (ആമ്പിയർ) റേറ്റിംഗും യഥാർത്ഥ അഡാപ്റ്ററുമായി പൊരുത്തപ്പെടുന്നോ എന്നും നിങ്ങളുടെ ഫോൺ സപ്പോർട്ട് ചെയ്യുന്നതാണോ എന്നും എല്ലായ്പ്പോഴും ശ്രദ്ധിക്കണം. ലോക്കൽ ചാർജറുകളിൽ ​വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകളിൽ നിന്നും അമിത ചാർജിങ്ങിൽ നിന്നും രക്ഷിപ്പെടാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഉണ്ടായിരിക്കില്ല. അഡാപ്റ്ററിന്റെ തകരാർ ബാറ്ററിയെയും ഫോണിനെയും അ‌പകടത്തിലാക്കും.

മൊബൈൽ ഫോൺ 50 മുതൽ 60 ശതമാനം വരെ ചാർജിൽ സൂക്ഷിക്കാൻ ആണ് ആപ്പിൾ ശുപാർശ ചെയ്യുന്നത്. ഫോൺ ചാർജിങ്ങിന് വയ്ക്കുമ്പോൾ ബാറ്ററി കുറഞ്ഞത് 80 ശതമാനം ചാർജിൽ എങ്കിലും എത്തിയെന്ന് ഉറപ്പാക്കുക. ഫോൺ എപ്പോഴും പരമാവധി ചാർജ് ചെയ്യേണ്ട ആവശ്യമില്ല.

ബാറ്ററിയുടെ ആയുസ് പരിശോധിക്കുന്നത് ചാർജിങ് സൈക്കിളിന്റെ എണ്ണത്തിലാണ്. പൂജ്യത്തിൽ നിന്ന് ഫുൾചാർജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാർജിങ് സൈക്കിൾ. പകുതി ചാർജിൽ, അതായത് 50 ശതമാനത്തിൽ നിന്നും 100 ശതമാനം ചാർജുചെയ്യുമ്പോൾ ഹാഫ് സൈക്കിളേ ആകുന്നുള്ളു. ചാർജിങ്ങിനിടെ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതും പ്രധാനമാണ്.

ചാർജിങ്ങിൽ ഫോൺ ഉപയോഗിച്ചാൽ ചൂടാകാനുള്ള സാധ്യത കൂടുതലാണ്. തകരാറുകൾ ഒഴിവാക്കാൻ ഫോൺ അ‌ധികം ചൂടാകാതെ സൂക്ഷിക്കുന്നത് നന്നായിരിക്കും. അ‌ധികം ചൂടില്ലാത്ത അ‌ന്തരീക്ഷത്തിൽ ഫോണുകൾ സൂക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. ഫോൺ തുടർച്ചയായി മണിക്കൂറുകളോളം ഉപയോഗിക്കുന്നത് ​ഒഴിവാക്കണം. ദിവസത്തിൽ ഒരിക്കലെങ്കിലും റീസ്റ്റാർട്ട് ചെയ്യുന്നതും നല്ലതാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment