ഗ്രേറ്റർ നോയ്ഡയിലെ തിരക്കേറിയ റോഡിൽ യുവതി പെൺകുഞ്ഞിനെ പ്രസവിച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പ്രശാന്ത് ശർമയുടെ ഭാര്യ റോഷ്ണി ശർമയാണ് നടുറോഡിൽ പ്രസവിച്ചത്. വഴിയാത്രക്കാരായ നഴ്സുമാരാണ് 33 വയസ്സുള്ള യുവതിയുടെ സഹായത്തിനായി എത്തിയത്. നോയ്ഡയിലെ പാരി ചൗക്കിലെ റോഡിലായിരുന്നു സംഭവം. ഒരു കുട്ടിയുള്ള റോഷ്ണി ആശുപത്രിയിൽ നിന്ന് ലുക്സാറിലുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രസവ വേദനയുണ്ടായത്.
ക്ഷീണിതയായ യുവതി നടു റോഡിൽ കിടന്നതോടെ ഭർത്താവ് ശർമ വഴിയാത്രക്കാരോട് സഹായം തേടുകയായിരുന്നു. അടുത്തുള്ള ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്സുമാരായ ജ്യോതിയും രേണുദേവിയും അടിയന്തര സഹായം നൽകുകയും ചെയ്തു. നവജാതശിശുവിനെ സുരക്ഷിതമായി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.