പശ്ചിമബംഗാളിൽ മൃഗശാലയിലെ സിംഹങ്ങൾക്ക് അക്ബർ എന്നും സീതയെന്നും പേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെയാണ് സസ്പെൻഡ് ചെയ്തത്. വിവാദത്തിന് പിന്നാലെ സിംഹങ്ങളുടെ പേരുമാറ്റാൻ കൽക്കട്ട ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇണചേർക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 12 ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നും സിംഹങ്ങളെ ബംഗാളിൽ എത്തിച്ചത്.
ഇവരെ സിൽഗുരിയിലെ പാർക്കിലേക്ക് മാറ്റുമ്പോൾ സിംഹങ്ങളുടെ പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയത് ഈ ഉദ്യോഗസ്ഥനാണ്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗർവാൾ ത്രിപുര ചീഫ് വൈൽഡ്‌ലൈഫ് വാർഡനായിരുന്നു. ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങൾക്ക് ഇത്തരത്തിൽ പേര് നൽകിയതെന്ന് ബംഗാൾ വനംവകുപ്പ് കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഎച്ച്പിയുടെ പരാതിയിൽ കോടതി സിംഹ ജോഡികളുടെ പേര് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.