നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ഏപ്രില്‍ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 50 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ശേഷമുള്ളവയാണിവ. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.
ഇതോടെ ആകെ 663 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ഈ സര്‍ക്കാര്‍ 5415 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ നഗര പ്രദേശങ്ങളിലും 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നു. ഇവയെല്ലാം യാഥാര്‍ത്ഥ്യമാകുന്നതോടെ വീട്ടിന് തൊട്ടടുത്ത് തന്നെ പ്രാഥമിക ആരോഗ്യ പരിചരണവും രോഗപ്രതിരോധവും ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.