മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് എതിരെ വധഭീഷണി മുഴക്കിയ 19 കാരന്‍ അറസ്റ്റില്‍. മഹാരാഷ്ട്ര നന്ദേഡ് ജില്ലയില്‍ നിന്നുള്ള ശുഭം വര്‍കാദാണ് അറസ്റ്റിലായത്. സമൂഹ മാധ്യമമായ എക്‌സില്‍ ഫെബ്രുവരി 11 നാണ് ശുഭം ഏക്‌നാഥ് ഷിന്‍ഡെ, അദ്ദേഹത്തിന്റെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ എന്നിവര്‍ക്കെതിരെ വധഭീഷണി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്.
പുണെയില്‍ വിദ്യാര്‍ത്ഥിയായ ശുഭത്തിന്റെ എക്‌സിലെ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ മുംബൈ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥി ഉപയോഗിച്ച ഇലക്‌ട്രോണിക് ഉപകരണത്തിന്റെ ഐപി അഡ്രസ് കണ്ടെത്തുകയും പുണെയിലെത്തി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. വധഭീഷണിക്ക് പിന്നിലെ ലക്ഷ്യമെന്താണെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.