ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന മനസാ വാചാ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടു. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ ധാരാവി ദിനേശ് എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്. നവാഗതനായ ശ്രീകുമാർ പൊടിയനാണ് ചിത്രത്തിന്റെ സംവിധായകൻ.മുഴുനീള കോമഡി എന്റർടെയ്നറാണ് ചിത്രം. പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നത്.
പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ സുപ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. മാർച്ച് ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും.മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: എൽദോ ബി ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ.