ഉത്തരാഖണ്ഡ് തെഹ്‌രി ജില്ലയിൽ ജനവാസ മേഖലയിലിറങ്ങി ആളുകളെ ആക്രമിച്ച പുലിയെ വനം വകുപ്പ് വെടിവെച്ച് കൊന്നു. തെഹ്രിയിലെ കീർത്തിനഗർ ഫോറസ്റ്റ് റേഞ്ചിലുള്ള നൈതാന ചോറസ്, ഡാങ് ഗ്രാമങ്ങളിലാണ് പുള്ളിപ്പുലി ആക്രമമുണ്ടായത്. 11 പേരെയാണ് പുലി ആക്രമിച്ചത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ഇപ്പോൾ ചികിത്സയിലാണ്. പുലിയുടെ ആക്രമണത്തിൽ ജനങ്ങൾ ഏറെ പരിഭ്രാന്തരായതിനെ തുടർന്നാണ് പുലിയെ വെടിവച്ചുകൊല്ലാൻ തീരുമാനിച്ചത്.
ദേവപ്രയാഗ് എംഎൽഎ വിനോദ് കാന്താരിയുടെ വസതിക്ക് സമീപത്ത് നിന്നാണ് പുലിയെ കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ കൊന്നത്. നാല് തവണ പുലിക്ക് നേരെ വെടിയുതിർത്തു. പുലിയെ കൊന്ന സംഘത്തിന് ദേവപ്രയാഗ് എംഎൽഎ വിനോദ് കാന്താരി 15,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കീർത്തിനഗർ ഫോറസ്റ്റ് റേഞ്ചിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും ഗ്രാമവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ഡിഎഫ്ഒ അറിയിച്ചു.