സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ‘കെ-റൈസ് ’ ഉടനെത്തും. മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് മാർക്ക് വച്ച് അരി വിതരണം ചെയ്യുന്നത്. കാർഡൊന്നിന് 10 കിലോ പുഴുക്കലരിയായിരിക്കും നൽകുക. കാർഡ് ഉടമകൾക്ക് ഇപ്പോഴുള്ള വിഹിതത്തിനു പുറമേയാണിത്.
ചമ്പാവ്, മട്ട തുടങ്ങിയ ഇനങ്ങളാകും നൽകുക. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാകും അരി ലഭ്യമാക്കുക. ഇവയുടെ സ്റ്റോക്കെടുക്കാൻ സിവിൽ സപ്ലൈസ് കമ്മീഷണർക്കും ഡയറക്ടർമാർക്കും നേരത്തേ നിർദേശം നൽകിയിരുന്നു. വിലയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. എങ്കിലും പരമാവധി 28 രൂപ നിരക്കിനാകും സാധ്യത. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്ന് അരി എത്തിക്കുന്നതിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്.
