ഒരു കർഷകൻ കൂടി ജീവൻ വെടിഞ്ഞു, ഇതു തീക്കളിയെന്ന് കർഷകർ

At Malayalam
1 Min Read

കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ദര്‍ശന്‍ സിങ് (63) എന്ന കര്‍ഷകനാണ് മരിച്ചത്. ഭട്ടിന്‍ഡയിലെ അമര്‍ഗഡ് സ്വദേശിയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി.

മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസംഘടനയായ ബി കെ യു ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ കര്‍ഷകര്‍ മരിക്കുന്നത് തടയാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്കരന്‍ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച പഞ്ചാബ് സര്‍ക്കാരിന്റെ നഷ്ടപരിഹാരം കുടുംബം നിരസിച്ചു. കൊല്ലപ്പെട്ട കര്‍ഷകനു വേണ്ടത് നീതിയാണ്. ആ നീതിക്ക് പകരം വയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും ശുഭ്കരന്‍ സിങ്ങിന്റെ കുടുംബം പറഞ്ഞു.

ഖനൗരി അതിര്‍ത്തിയിലെ കര്‍ഷക സമരത്തിനിടെ മരിച്ച ശുഭ്കരന്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുന്നു.

- Advertisement -

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഭട്ടിന്‍ഡ സ്വദേശിയായ ശുഭ്കരന്‍ സിങ്ങ് കൊല്ലപ്പെടുകയും 12 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച കര്‍ഷകര്‍ ബാരിക്കേഡുകള്‍ക്ക് അടുത്തേക്ക് പോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

Share This Article
Leave a comment