പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ഡൽഹി സീറ്റ് വിഭജനകാര്യത്തിൽ ധാരണയിൽ എത്തിയതായി സൂചന. കേന്ദ്ര ഭരണ പ്രദേശമായ ഡൽഹിയിൽ ഏഴ് പാർലമെന്‍റ് സീറ്റുകളാണുള്ളത്. ഇതിൽ എഎപി നാല് സീറ്റിലും കോൺഗ്രസ് മൂന്നിടത്തും മത്സരിക്കാനാണ് സാധ്യത. എന്നാൽ, തീരുമാനം ഔദ്യോഗികമായി ഇരുപാർട്ടികളും പുറത്തുവിട്ടിട്ടില്ല. ഡൽഹിക്ക് പുറമെ നോർത്ത് വെസ്റ്റ്, വെസ്റ്റ്,സൗത്ത് ഡൽഹി സീറ്റുകളിൽ എഎപിയാകും സ്ഥാനാർത്ഥികളെ നിർത്തുകയെന്നും കോൺഗ്രസ് ഈസ്റ്റ്, നോർത്ത് ഈസ്റ്റ് ഡൽഹി, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലും മത്സരിക്കുമെന്നാണ് സൂചന.
2019 ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് ഏഴ് സീറ്റുകളിലും ജയിച്ചത്. ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഇടപെടലിലൂടെ വിജയം സ്വന്തമാക്കിയ ഇൻഡ്യാ ബ്ലോക്ക് മറ്റിടങ്ങളിലെ സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വേഗത്തിലാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.