ഗുരുവായൂരിൽ ഉത്സവം തുടങ്ങി

At Malayalam
1 Min Read

ഗുരുവായൂർ ഉത്സവത്തിന് ഇന്ന് തുടക്കം. രാത്രിയോടെയാണ് ഉത്സവത്തിന് കൊടിയേറുക. ഉത്സവത്തിന്റെ ഒന്നാം ദിവസമായ ഇന്ന് രാവിലെ ഏഴ് മണിയോടെ ആനയില്ലാ ശീവേലി ആരംഭിച്ചു. ഗുരുവായൂരിലെ ആനയില്ലാക്കാലത്തെ അനുസ്മരിച്ചാണ് ചടങ്ങ് നടത്തുന്നത്.

കീഴ്ശാന്തി ഗുരുവായൂരപ്പൻ്റെ സ്വർണ തിടമ്പ് കൈയിലെടുത്ത് നടന്നു മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി. ഭക്തി സാന്ദ്രമായ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവരും പങ്കെടുത്തു.

ഉച്ചയ്‌ക്കു ശേഷം ആനയോട്ടം നടക്കും. ഈ വർഷം പത്ത് ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. മഞ്ജുളാൽ പരിസരത്ത് നിന്ന് ഓടിയെത്തി ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആനയാകും ജേതാവ്. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതൽ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവയ്‌ക്കും. 29-നാണ് പള്ളിവേട്ട. മാർച്ച് ഒന്നിന് ആറാട്ടിന് ശേഷം സ്വർണക്കൊടി മരത്തിലെ സപ്തവർണക്കൊടി ഇറക്കത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.

Share This Article