ആഗോള തലത്തിലെ മികച്ച 100 ആഡംബര ഉത്പന്ന ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നേടി കേരളത്തിന്റെ സ്വന്തം മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ 2023 ലെ ഗ്ലോബല്‍ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് പട്ടികയിലാണ് ജ്വല്ലറി രംഗത്ത് കേരളത്തിൽ നിന്നുള്ള വമ്പൻ ബ്രാൻഡായ മലബാർ ഇടം പിടിച്ചത്. പട്ടികയിൽ ലോക റാങ്കിങില്‍ 19ാം സ്ഥാനം നേടിയ മലബാർ ഇന്ത്യയിലെ ആദ്യ സ്ഥാനത്താണ്. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വാച്ചുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയുടെ ആഗോള വില്‍പ്പനയും ബ്രാന്‍ഡ് മൂല്യവും കണക്കാക്കിയാണ് ഡിലോയ്റ്റ് ഗ്ലോബല്‍ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് റാങ്കിങ് ലിസ്റ്റ് തയാറാക്കുന്നത്.
കോഴിക്കോട് ആസ്ഥാനമായുള്ള മലബാർ ഗോൾഡ് ആഗോളതലത്തിൽ 19-ാം റാങ്കിൽ ഇന്ത്യയുടെ പട്ടികയിൽ മുന്നിലെത്തിയപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ ബ്രാൻഡ് ആയിരുന്ന ടൈറ്റൻ 24-ാം റാങ്കിലാണ്. വൈവിധ്യമാർന്ന ഫ്രഞ്ച് ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയിസ് വിറ്റൺ (എൽവിഎംഎച്ച് – LVMH) ആണ് ആഗോളതലത്തിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ബെർണാഡ് അർനോൾട്ടിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എൽവിഎംഎച്ച്. അദ്ദേഹത്തിന് 192 ബില്യൺ ഡോളറിൻ്റെ വൻ ആസ്തിയുണ്ട്.
അമേരിക്കൻ വസ്ത്രനിർമ്മാണ കമ്പനിയായ ഫിലിപ്‌സ്-വാൻ ഹ്യൂസെൻ കോർപ്പറേഷൻ (Phillips-Van Heusen) പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ആഡംബര ഉൽപ്പന്ന ഹോൾഡിംഗ് കമ്പനിയായ റിച്ചമോണ്ട് (Richemont) പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.ഇന്ത്യൻ ജ്വല്ലറി ബ്രാൻഡുകളായ കല്യാൺ ജ്വല്ലേഴ്‌സും ജോയ് ആലുക്കാസും യഥാക്രമം 46, 47 സ്ഥാനങ്ങളിലാണ് ഇടം പിടിച്ചത്.
ഇന്ത്യയിൽ നിന്ന് ഇടം പിടിച്ച സ്ഥാപനങ്ങളും റാങ്കും ഇങ്ങനെയാണ്.
1) മലബാർ ഗോൾഡ് & ഡയമണ്ട്സ് – 19 മത്
2) ടൈറ്റൻ – 24-ാമത്
3) കല്യാണ് ജ്വല്ലേഴ്‌സ് – 46-ാമത്
4) ജോയ് ആലുക്കാസ് – 47-ാമത്
5) സെൻകോ ഗോൾഡ് & ഡയമണ്ട്സ് – 78-ാമത്
6) തങ്കമയിൽ ജ്വല്ലറി – 98-ാം സ്ഥാനം
ആഭണങ്ങളുടെ വില്‍പ്പനയിലും ബ്രാന്‍ഡ് മൂല്യത്തിലുമെല്ലാം മികച്ച നേട്ടം കൈവരിച്ചതാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ലിസ്റ്റിൽ മുൻനിരയിലെത്താൻ സഹായിച്ച ഘടകങ്ങൾ. സ്വര്‍ണ്ണത്തിന് രാജ്യത്ത് എവിടെയും ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. മലബാര്‍ ഗോള്‍ഡിന് നിലവില്‍ 13 രാജ്യങ്ങളിലായി 340 ലധികം ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നു.
ഡിലോയിറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, മികച്ച 100 ആഡംബര ഉൽപ്പന്ന നിർമ്മാതാക്കൾ 2023-ൽ 347 ബില്യൺ ഡോളറിൻ്റെ മൊത്തം വിറ്റുവരവ് നടത്തി. ഇതിൽ 31 ശതമാനവും സംഭാവന ചെയ്തത് എൽവിഎംഎച്ച് മാത്രമാണ്. മികച്ച ആദ്യത്തെ 10 ബ്രാൻഡുകൾ വിപണിയുടെ 63 ശതമാനവും നേട്ടമുണ്ടാക്കി.