നെറ്റ്ഫ്ലിക്സിലെ ഡോക്യു-സീരീസ് സ്റ്റേ ചെയ്യണമെന്ന് സിബിഐ

At Malayalam
1 Min Read

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി സീരീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ മുംബൈയിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. ഫെബ്രുവരി 23 നാണ് നെറ്റ്ഫ്ലിക്സിൽ ‘ദി ഇന്ദ്രാണി മുഖർജി സ്റ്റോറി: ദി ബറീഡ് ട്രൂത്ത്’ എന്ന ഡോക്യു-സീരീസ് പ്രീമിയർ ചെയ്യുന്നത്. 25 കാരിയായ ഷീന ബോറയുടെ തിരോധാനത്തിന്‍റെ വിവരങ്ങളാണ് ചിത്രത്തിൽ പരിശോധിക്കുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ ഡോക്യുമെന്‍ററിയില്‍ പ്രതികളുടെയും കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെയും ചില ഭാഗങ്ങളുണ്ട്, ഇത് കേസിനെ ബാധിക്കുമെന്നും അതിനാല്‍ സീരിസ് സ്റ്റേ ചെയ്യണമെന്നുമാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിലുള്ള വിചാരണയുടെ അവസാനിക്കുന്നതു വരെ ഒരു പ്ലാറ്റ്‌ഫോമിലും ഡോക്യുമെന്‍ററി സംപ്രേഷണം നടത്തരുതെന്നും സിബിഐ ആവശ്യപ്പെട്ടു. സിബിഐയുടെ ഹര്‍ജിയില്‍ നെറ്റ്ഫ്ലിക്സിനും മറ്റുള്ളവർക്കും സിബിഐ പ്രത്യേക ജഡ്ജി എസ്പി നായിക് നിംബാൽക്കർ നോട്ടീസ് അയച്ചു. വാദം കേൾക്കൽ ഫെബ്രുവരി 20ലേക്ക് മാറ്റി. 2012 ഏപ്രിലിൽ ഇന്ദ്രാണി മുഖർജി മകൾ ഷീന ബോറയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

Share This Article
Leave a comment