കാട്ടാന അക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ പൊലീസ് കേസെടുത്തു. പുൽപ്പള്ളി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെയാണ് കേസ്. ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക.
സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ ആദ്യം വനംവകുപ്പിന്‍റെ ജീപ്പ് തടയുകയായിരുന്നു. പിന്നീട് വാഹനത്തിന് മുകളിൽ റീത്ത് വച്ചു. ശേഷം ടയറിന്‍റെ കാറ്റഴിച്ചു വിടുകയും റൂഫ് വലിച്ചു കീറുകയും ചെയ്തു. കേണിച്ചിറയിൽ കടുവ പിടിച്ച പശുവിന്‍റെ ജഡം ജീപ്പിന് മുകളിൽ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.