ഐഡിബിഐ ബാങ്കിൽ ജൂണിയർ അസിസ്റ്റന്റ് മാനെജർ അവസരം. 500 ഒഴിവ്. ഫെബ്രുവരി 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തെരഞ്ഞെടുപ്പ്.
ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു ജൂണിയർ അസിസ്റ്റന്റ് മാനെജർ തസ്തികയിൽ നിയമനം ലഭിക്കും. ബംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷൻ, നോയിഡയിലെ നിന്റെ എഡ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണു കോഴ്സ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന. പ്രായം: 20-25. യോഗ്യത, പ്രായം എന്നിവ 2024 ജനുവരി 31 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്.
പ്രാഥമിക തെരഞ്ഞെടുപ്പ് ഓണ്‍ലൈൻ ടെസ്റ്റിന്റെ (മാർച്ച് 17ന്) അടിസ്ഥാനത്തിൽ. ഇന്റർവ്യൂവും ഉണ്ടാകും. ലോജിക്കൽ റീസണിംഗ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിംഗ് അവയർനെസ് എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ. ഫീസ്: 1000 രൂപ (അർഹർക്ക് ഇളവ്). ഓണ്‍ലൈനിൽ അടയ്ക്കാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. www.idbibank.in