ചെന്നൈ-ബെംഗളൂരു ഡബിൾ ഡക്കർ എക്‌സ്‌പ്രസ് കോച്ചുകളിൽ പുതിയ മാറ്റങ്ങൾ വരുത്തി റെയിൽവേ. നേരത്തെ 10 എസി ഡബിൾ ഡെക്കർ കോച്ചുകൾ ഉണ്ടായിരുന്ന ട്രെയിനിൽ ഇനി മുതൽ എട്ട് എസി ഡബിൾ ഡക്കർ കോച്ചുകളും അഞ്ച് നോൺ എസി കോച്ചുകളും ഒരു ജനറൽ ക്ലാസ് കോച്ചും ആയിരിക്കും ഉണ്ടാവുക. പുതിയ മാറ്റങ്ങളോടു കൂടി ചെന്നൈ-ബെംഗളൂരു ഡബിൾ ഡക്കർ (Chennai – Bengaluru Double Decker train) ട്രെയിൻ വ്യാഴാഴ്ച മുതൽ സർവീസ് ആരംഭിച്ചു. ഇതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.
അതേസമയം, ഒരേ ദൂരം സഞ്ചരിക്കുന്ന മറ്റ് സൂപ്പർഫാസ്റ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഇതിൽ അഞ്ച് മണിക്കൂറും 10 മിനിറ്റും കൊണ്ട് ചെന്നൈയിൽ നിന്ന് ബംഗളൂരുവിലെത്തും. മറ്റു ട്രെയിനുകൾക്ക് ഇതിനായി 6 മണിക്കൂറും 15 മിനിറ്റും ആവശ്യമാണ്. കൂടാതെ നേരത്തെ ഏഴ് എസി ഡബിൾ ഡക്കർ ചെയർ കാർ കോച്ചുകളോടെ പ്രവർത്തിച്ചിരുന്ന ബെംഗളൂരു -കോയമ്പത്തൂര്‍ ‘ഉദയ്’ എക്‌സ്പ്രസിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ എട്ട് എസി കോച്ചുകളും അഞ്ച് ‘സെക്കൻഡ് സിറ്റിംഗ് നോൺ എസി റിസർവ്ഡ്’ കോച്ചുകളും ഇതിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് ശേഷിക്കുന്ന കോച്ചുകളിൽ മാറ്റങ്ങൾ ഉണ്ടാകില്ല എന്നും റെയിൽവേ അറിയിച്ചു.
ബെംഗളൂരു ഡബിൾ ഡക്കർ, കോയമ്പത്തൂർ ഉദയ് എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾ ഇതുവരെ വെവ്വേറെ റേക്കുകൾ ഉപയോഗിച്ചാണ് സർവീസ് നടത്തിയിരുന്നതെങ്കിൽ ഇനി മുതൽ റേക്കുകൾ പരസ്പരം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂർ-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് റേക്കിൻ്റെ പ്രാഥമിക അറ്റകുറ്റപ്പണികൾ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് മാറ്റിയതിനാലാണ് ഇതെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. കൂടാതെ ബംഗളൂരുവിലെ മെയിൻ്റനൻസ് സ്ലോട്ട് വന്ദേ ഭാരത് എക്സ്പ്രസിന് അനുവദിച്ചതാണ് ഈ നീക്കത്തിന് കാരണം എന്നും സൂചനയുണ്ട്.
അതേസമയം, ബൃന്ദാവൻ എക്‌സ്‌പ്രസ് ട്രയിനിൽ എന്നും തിരക്കാണെന്നും പകൽസമയങ്ങളിൽ ബെംഗളൂരുവിനും ചെന്നൈയ്‌ക്കുമിടയിൽ ഒരു പുതിയ ഇൻ്റർസിറ്റി ട്രെയിൻ ആവശ്യമാണെന്നും യാത്രക്കാരനായ എസ്. വിനോദ് രാജ് അഭിപ്രായപ്പെട്ടു.