തുടർച്ചയായി രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയതോടെ ജപ്പാനും യു.കെയും ഔദ്യോഗികമായി മാന്ദ്യത്തിലായി. ഇതോടെ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ജർമ്മനി മാറി. ഇന്ത്യയ്ക്ക് മുകളിലായി ജപ്പാൻ നാലാം സ്ഥാനത്തേക്ക് വഴുതി.ചൈനയിലെ സാമ്പത്തിക തളർച്ച മൂലം ഉപഭോഗത്തിലുണ്ടായ ഇടിവും ഉത്പാദന രംഗത്തെ പ്രതിസന്ധികളുമാണ് ജപ്പാനെ വലക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ജപ്പാനിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഒരു ഫാക്ടറിയുടെ പ്രവർത്തനം നിറുത്തിയതിനാൽ അടുത്ത പാദത്തിലും വളർച്ചാ നിരക്ക് കുറയുമെന്നാണ് വിലയിരുത്തുന്നത്.
യു.കെയിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 0.3 ശതമാനം ഇടിവാണുണ്ടായത്. സെപ്തംബർ പാദത്തിലും ജി.ഡി.പിയിൽ 0.1 ശതമാനം കുറവുണ്ടായിരുന്നു. ഇതോടെ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ അടുത്ത മാസം ബാങ്ക് ഒഫ് ജപ്പാനും ബാങ്ക് ഒഫ് ഇംഗ്ളണ്ടും മുഖ്യ പലിശ നിരക്ക് കുറയ്ക്കാൻ സാദ്ധ്യതയേറി.