കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു.
ഇന്നലെ വെറ്റിനറി വിദഗ്ധര്‍ കടുവയെ പരിശോധിച്ചിരുന്നെങ്കിലും പല്ലിന് മാത്രമാണ് തകരാര്‍ കണ്ടെത്തിയിരുന്നത്. പുറമേ മുറിവുകള്‍ കാണാത്ത സാഹചര്യത്തിലാണ് കടുവയെ മാറ്റാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു. യാത്രാമധ്യേ കടുവയ്ക്ക് ഹൃദയാഘാതം സംഭവിച്ചോ എന്നുള്‍പ്പെടെ വനംവകുപ്പ് പരിശോധിച്ചുവരികയാണ്.