തലവന്റെ പിറന്നാൾ ആഘോഷത്തിനിടെ പത്തോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കായംകുളത്ത് പിടിയിൽ. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി അതുലും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. കുപ്രസിദ്ധ ഗുണ്ടയായ നിധീഷിൻ്റെ പിറന്നാൾ ആഘോഷിക്കുന്നതിനാണ് സംഘം ഒത്തു കൂടിയത്. പൊതുസ്ഥലത്തു ബഹളം വച്ചതിനും മദ്യപിച്ചതിനുമാണ് ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
ഗുണ്ടാസംഘത്തിന്റെ ശല്യത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. ഗുണ്ടകൾ എത്തിയ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കൊലക്കേസ് പ്രതി മാട്ടക്കണ്ണൻ, ഗുണ്ടകളായ തക്കാളി ആഷിക്, വിടോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ, അമൽ, ഫാറൂഖ് സേട്ട്, വിജയ് കാർത്തികേയൻ എന്നിവർ ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു.
