ഇന്ത്യ, ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാജ്യം

At Malayalam
2 Min Read

ലോകത്തിലേറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാജ്യമെന്ന പദവി ഇനി ഇന്ത്യയ്ക്ക് സ്വന്തം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. നിലവില്‍ ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം 96.88 കോടിയാണ്. ഇതില്‍ പകുതിയിലധികം പേരും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ രേഖകകളില്‍ പറയുന്നു.


സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലേയും വോട്ടര്‍മാരുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. ഈ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 15.3 കോടി വോട്ടര്‍മാരാണ് ഈ സംസ്ഥാനത്തുള്ളത്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയാണുള്ളത്. 9.1 കോടി വോട്ടര്‍മാരാണ് മഹാരാഷ്ട്രയിലുള്ളത്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ വോട്ടര്‍മാരുടെ എണ്ണം വെറും 57,593 ആണ്.

- Advertisement -

2019നെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരൂടെ എണ്ണത്തില്‍ 8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2019ല്‍ സമ്മതിദായകരുടെ എണ്ണം 89.6 കോടിയായിരുന്നു. 2024 ഇത് 96.8 കോടിയായി വര്‍ധിച്ചിട്ടുണ്ട്. 2.63 കോടി കന്നിവോട്ടര്‍മാരും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ 9 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പുരുഷ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏഴ് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായാണ് രേഖകകളില്‍ പറയുന്നത്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര,ബീഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയാണ് ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ പട്ടികയില്‍ നാലാം സ്ഥാനമാണ് ബീഹാറിനുള്ളത്. അതേസമയം വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് ബീഹാര്‍. വോട്ടര്‍മാരൂടെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് പശ്ചിമബംഗാള്‍. പകുതിയിലധികവും ലോക്‌സഭാ സീറ്റുകളും വോട്ടര്‍മാരും ഉള്‍പ്പെടുന്നതും ഈ ഈ ആറ് സംസ്ഥാനങ്ങളിലാണ്.

ഇതുവരെ രജിസ്റ്റര്‍ ചെയ്ത 97 കോടി വോട്ടര്‍മാരില്‍ 1.84 കോടി വോട്ടര്‍മാര്‍ 18-19 വയസ്സിനിടെ പ്രായമുള്ളവരാണ്. 20-29വയസ്സിനിടെ പ്രായമുള്ള 19.74 വോട്ടര്‍മാരാണുള്ളത്. 100 വയസ്സിന് മുകളില്‍ പ്രായമുള്ള 2.38 ലക്ഷം പേരാണ് വോട്ടര്‍പട്ടികയിലുള്‍പ്പെട്ടത്. 80 വയസ്സിന് മുകളിലുള്ള 1.85 കോടി വോട്ടര്‍മാരും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ’’ 2024ലെ പൊതുതെരഞ്ഞെടുപ്പിനായി രാജ്യം ഒരുങ്ങുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വൈവിധ്യപൂര്‍ണ്ണമായ വോട്ടര്‍ പട്ടിക ജനാധിപത്യത്തിന്റെ ശക്തിയെ വിളിച്ചോതുന്നു. പൗരപങ്കാളിത്തത്തിന്റെ തെളിവാണിത്,’’ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

- Advertisement -

ഏവരെയും ഉള്‍ക്കൊള്ളുന്ന വോട്ടര്‍പട്ടിക സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അടിസ്ഥാനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. അതേസമയം കൃത്യമായ പരിശോധനയ്ക്ക് ശേഷം വോട്ടര്‍പട്ടികയില്‍ നിന്ന് 1.65 കോടി പേരെ ഒഴിവാക്കിയിട്ടുമുണ്ട്. മരണപ്പെട്ടിട്ടും വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെടുത്തിയിരുന്ന 67.82 ലക്ഷം പേരേയും 22.05 ലക്ഷം വ്യാജവോട്ടര്‍മാരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.

Share This Article
Leave a comment