കൊട്ടാരക്കരയിൽ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണ് റിപ്പോർട്ട്. മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടെന്നും അതിന്റെ പുറത്താണു കൊലപാതകം നടന്നതെന്നും ചൂണ്ടിക്കാട്ടി സന്ദീപ് കേസിൽനിന്നും രക്ഷപ്പെടാൻ പലതവണ ശ്രമിച്ചിരുന്നു.
ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു ദിവസം പ്രത്യേക വൈദ്യസംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു ഈ ഡോക്ടർമാരും നൽകിയ റിപ്പോർട്ട്.