ഗായകൻ ഹരിഹരൻ ഇനി നായകൻ

At Malayalam
1 Min Read

പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന
‘ദയ ഭാരതി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. തമ്പുരാൻ ഇന്റർനാഷണൽ ഫിലിം ആൻഡ് ഇവന്റസിന്റെ ബാനറിൽ ബി വിജയകുമാറും ചാരങ്ങാട്ട് അശോകനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ ജി വിജയകുമാറാണ്.

ദേശിയ അവാർഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലൻ, എ. വി. അനൂപ്, ദിനേശ് പ്രഭാകർ, നേഹാ സക്സേന, നിയ, ബാദുഷ, വർക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ്‌ നിലേശ്വരം പി നാരായണൻ, സുജാത നെയ്യാറ്റിൻകര, ബിനി ജോൺ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ എന്നിവർക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അതിരപ്പള്ളി, അനക്കയം,തിരുവനന്തപുരം, അട്ടപ്പാടി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് പറയുന്നത്. മാർച്ചിൽ തീയറ്ററുകളിലെത്തും.

വനമേഖലയിലെ ആദിവാസി ഊരുകളിലുള്ള ഒരു ഏകാധ്യാപിക വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് കഥ. പലപ്പോഴായി അവിടെയെത്തിയ രണ്ട് അധ്യാപികമാര്‍ ഊരുകളിലെ ക്രൂരമായ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിക്കുന്നു. ഈ കാരണത്താൽ ആ അധ്യാപികമാര്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ വളരെ വലുതായിരുന്നു. ഇതിനിടെ ഗായകന്‍ ഹരിഹരൻ അവിടെ എത്തുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം.

മെൽബിൻ, സന്തോഷ്‌ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രഭാവർമ, ജയൻ തൊടുപുഴ ഡാർവിൻ പിറവം എന്നിവരുടെ വരികൾക്ക് സംഗീതം നൽകുന്നത് സ്റ്റിൽജു അർജുനാണ്. ഹരിഹരന്‍, നഞ്ചിയമ്മ എന്നിവരാണ് ഗായകർ.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment