ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 15 സീറ്റില്‍ സി പി എമ്മും നാല് സീറ്റില്‍ സി പി ഐയും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസ് (എം) രണ്ടാമതൊരു സീറ്റും ആര്‍ ജെ ഡി ഒരു ലോക്‌സഭാ സീറ്റും ആവശ്യപ്പെട്ടെങ്കിലും സി പി എം അംഗീകരിച്ചില്ല.
കേരള കോണ്‍ഗ്രസ് (എം) രണ്ടാമതൊരു സീറ്റ് കൂടി മുന്നണി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലെന്ന് സി പി എം നേതൃത്വം അറിയിച്ചു. ആര്‍ ജെ ഡിയും ഒരു ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഘടകകക്ഷികള്‍ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആര്‍ ജെ ഡിയെ അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ 16 സീറ്റില്‍ സിപിഎമ്മും നാലു സീറ്റില്‍ സി പി ഐയും ആണ് മത്സരിച്ചുവന്നിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോണ്‍ഗ്രസ് (എം) മുന്നണിയുടെ ഭാഗമായതോടെയാണ് അവര്‍ മത്സരിച്ചുവന്നിരുന്ന കോട്ടയം സീറ്റ് വിട്ടുനല്‍കിയത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയിലെ മൂന്നു കക്ഷികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 14ന് ജില്ലാടിസ്ഥാനത്തിൽ എൽ ഡി എഫ് യോഗങ്ങളും ചേരും.