എക്കാലത്തെയും മികച്ച വനിതാ സ്പ്രിന്റര്‍മാരില്‍ ഒരാളെന്ന ഖ്യാതിയുള്ള ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഷെല്ലി ആന്‍ ഫ്രെയ്സര്‍ വിരമിക്കുന്നു. പാരിസ് ഒളിംപിക്സ് കരിയറിലെ അവസാന വേദിയായിരിക്കുമെന്ന് ഷെല്ലി വെളിപ്പെടുത്തി. ഒരു രാജ്യാന്തര മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഷെല്ലി നിലപാടു വ്യക്തമാക്കിയത്. ഒളിംപിക്സില്‍ മൂന്നു തവണ സ്വര്‍ണം നേടിയ ഷെല്ലി വിവിധ ഇനങ്ങളിലായി പത്തു വട്ടം ലോകചാംപ്യനായിരുന്നു.കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് താന്‍ കരിയര്‍ അവസാനിപ്പിക്കുന്നതെന്നും ഷെല്ലി പറഞ്ഞു.
ബെയ്ജിങ്, ലണ്ടന്‍ ഒളിംപിക്സുകളിലാണ് 100 മീറ്റര്‍ ഓട്ടത്തില്‍ ഷെല്ലി സ്വര്‍ണം നേടിയത്. 2020ല്‍ ജമൈക്കയ്ക്കു വേണ്ടി റിലേയിലും സ്വര്‍ണം സ്വന്തമാക്കി. ടോക്കിയോയില്‍ 100 മീറ്ററില്‍ വെള്ളിയും ലണ്ടനില്‍ 200 മീറ്ററില്‍ വെള്ളിയും നേടി. 2016ലെ റിയോ ഒളിംപിക്സില്‍ 100 മീറ്റര്‍ ഓട്ടത്തിലെ വെങ്കല മെഡല്‍ ജേതാവാണ്.ലോക ചാംപ്യന്‍ഷിപ്പില്‍ 2009,2013,2015,2019,2022 വര്‍ഷങ്ങളിലായിരുന്നു 100 മീറ്ററിലെ സ്വര്‍ണ നേട്ടങ്ങള്‍. 2013 ല്‍ 200 മീറ്ററിലും ജേതാവായി. 2009,2013,2015, 2019 വര്‍ഷങ്ങളില്‍ ജമൈക്കന്‍ ടീമിനൊപ്പം റിലേയിലും വിജയം സ്വന്തമാക്കി.