ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ രണ്ടു പേരാണ് ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ്മയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും. എന്നാല്‍ ഇവരിലാരാണ് ഏറ്റവും മികച്ചത് എന്ന് സംബന്ധിച്ച് ഒരു ചോദ്യം വന്നാൽ ? ഇപ്പോഴിതാ ഈ ചോദ്യത്തിന് തന്റെ സെലക്ഷൻ വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി. കോഹ്‌ലിയെ ലോകത്തെ ഏറ്റവും മികച്ച ബാറ്റര്‍ എന്നു വിശേഷിപ്പിച്ച മുഹമ്മദ് ഷമി, രോഹിത് ശര്‍മ്മയ്ക്ക് ഏറ്റവും അപകടകാരിയായ ബാറ്റര്‍ എന്ന വിശേഷണവും നല്‍കി.
വിരാട് കോഹ്‌ലി ലോകത്തെ ഏറ്റവും മികച്ച ബാറ്ററാണ്. ഏറെ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ താരം. വിരാടാണ് ഏറ്റവും മികച്ച ബാറ്റര്‍ എങ്കിലും ഏറ്റവും അപകടകാരിയായ ബാറ്റര്‍ ആരാണ് എന്നു ചോദിച്ചാല്‍ ഞാന്‍ രോഹിത് ശര്‍മ്മയുടെ പേര് പറയും- മുഹമ്മദ് ഷമി പറയുന്നു.
അതേസമയം ഏറ്റവും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണ് എന്ന ചോദ്യത്തിന് വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരെ മറികടന്ന് എംഎസ് ധോണി എന്നാണ് ഷമി പറഞ്ഞത്. ഐ സി സി ടി 20 ലോകകപ്പും (2007), ഏകദിന ലോകകപ്പും (2011) ,ചാമ്പ്യന്‍സ് ട്രോഫിയും (2013) ഇന്ത്യയ്ക്കു നേടിത്തന്ന നായകനാണ് ധോണി.
നോക്കൂ, ഇതൊരു കടുപ്പമേറിയ ചോദ്യമാണ്. താരതമ്യങ്ങളില്‍ നിന്നാണ് കാര്യങ്ങള്‍ ആരംഭിക്കുന്നത്. ഏറ്റവും വിജയിച്ചവനാണ് മികച്ച ക്യാപ്റ്റന്‍ എന്നാണല്ലോ സാധാരണ പറയാറ്. അതിനാല്‍ എന്നെ സംബന്ധിച്ചിടത്തോളം അത് എം എസ് ധോണിയാണ്, കാരണം അദ്ദേഹത്തെപ്പോലെ ആരും വിജയിച്ചിട്ടില്ല എന്നതുതന്നെ- ഷമി കൂട്ടിച്ചേര്‍ത്തു.