സൗരവ് ഗാംഗുലിയുടെ പിടിവാശി, തുണയായതു സെവാഗിനും

At Malayalam
3 Min Read

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ ക്യാപ്റ്റന്മാരുടെ മുൻനിരയിലാണ് ഇന്ത്യയുടെ നായകനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ സ്ഥാനം. വാതുവയ്പ്പ് വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആടിയുലഞ്ഞു തകർന്നു പോയപ്പോഴാണ് ദാദയെ ക്യാപ്റ്റനായി നിയമിക്കുന്നത്. അഗ്രസീവായ തൻ്റെ സമീപനത്തിലൂടെ പുതിയൊരു ടീം ഇന്ത്യയെ മെല്ലെ ഗാംഗുലി വാര്‍ത്തെടുക്കുകയായിരുന്നു. നാട്ടില്‍ മാത്രമല്ല വിദേശത്തും നിര്‍ഭയമായി ക്രിക്കറ്റ് കളിക്കാനുള്ള ധൈര്യം ടീമിലേക്കു ആദ്യമായി കുത്തിവച്ച ക്യാപ്റ്റന്‍ കൂടിയാണ് സൗരവ് ദാദ.

ഇന്ത്യന്‍ ക്രിക്കറ്റിനു വമ്പൻ മുതൽകൂട്ടായി മാറിയ പല ക്രിക്കറ്റ് താരങ്ങളെ വാർത്തെടുക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടാകും മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. വെറുമൊരു മധ്യനിര ബാറ്റര്‍ മാത്രമായി കരിയര്‍ അവസാനിക്കേണ്ടിയിരുന്ന അദ്ദേഹത്തെ ഓപ്പണിങ് ബാറ്റ്സ്മാനാക്കി പ്രൊമോട്ട് ചെയ്ത് ലോകം കണ്ട എക്കാലത്തെയും അപകടകാരിയായ ബാറ്ററാക്കി മാറ്റിയെടുത്തത് സൗരവ് ഗാംഗുലിയാണ്.

തന്റെ അത്യുജ്വലമായ ക്രിക്കറ്റു കരിയറിനു സെവാഗ് ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നതും ദാദയോടു തന്നെ. അദ്ദേഹമെടുത്ത വളരെ നിര്‍ണായകമായ ഒരു തീരുമാനമാണ് സെവാഗിന്റെ കരിയര്‍ മാറ്റിമറിച്ചതെന്നു കാണാം . 1999 ഏപ്രില്‍ ഒന്നിനു ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താനുമായി മൊഹാലിയില്‍ നടന്ന ഏകദിനത്തിലാണ് 21 കാരനായ സെവാഗ് ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മല്‍സരം കളിയ്ക്കുന്നത്. മധ്യനിരയിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്. പക്ഷെ ശക്തമായ ബൗളിങ് നിരയുള്ള പാക് പടയ്‌ക്കെതിരേ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.വെറും ഒരു റണ്‍സ് മാത്രമെടുത്ത് സെവാഗ് ക്രീസ് വിടുകയായിരുന്നു. ഏതൊരു താരവും മറക്കാനാഗ്രഹിക്കുന്ന അരങ്ങേറ്റമായിരുന്നു അത്. സെവാഗിന്റെ പ്രകടനം അന്നത്തെ സെലക്ഷന്‍ കമ്മിറ്റിയെ നിരാശരാക്കി. ഇതോടെ ഒരു വര്‍ഷത്തോളം അദ്ദേഹത്തെ അവര്‍ ടീമിലേക്കു പരിഗണിച്ചതുമില്ല. 2000 ഡിസംബറില്‍ സിംബാബ്‌വെയ്‌ക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലൂടെ സെവാഗ് ടീമിലേക്കു തിരിച്ചെത്തി. രണ്ടാം വരവില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ മധ്യനിരയില്‍ തന്നെ ബാറ്റു ചെയ്ത സെവാഗ് വീണ്ടും ഫ്‌ളോപ്പായി. 19 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതിനു പിന്നാലെ ദേശിയ ടീമില്‍ നിന്നും വീരു വീണ്ടും ഒഴിവാക്കപ്പടുകയായിരുന്നു. പക്ഷെ ടീമിന്റെ ക്യാപ്റ്റനായ ഗാംഗുലിക്കു സെവാഗിന്റെ പ്രതിഭയില്‍ വിശ്വാസമുണ്ടായിരുന്നു. ഓസ്‌ട്രേലിയയുമായി നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സെവാഗിനെ ഒരൊറ്റ മല്‍സരത്തില്‍ മാത്രം ടീമിലെടുക്കൂയെന്നു സെലക്ടര്‍മാരോടു ഗാംഗുലി അഭ്യര്‍ഥിക്കുകയായിരുന്നു.

ദാദയുടെ ആവശ്യം പരിഗണിച്ച് അവര്‍ അദ്ദേഹത്തെ ഒരു മല്‍സരത്തില്‍ മാത്രം ടീമിലക്കു പരിഗണിച്ചു. അന്നു സൂപ്പര്‍ താരങ്ങളുടെ വലിയൊരു നിര തന്നെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലുണ്ടായിരുന്നു. ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറുമായിരുന്നു ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. തുടര്‍ന്നു ബാറ്റ് ചെയ്തത് വി വി എസ് ലക്ഷ്മണും രാഹുല്‍ ദ്രാവിഡുമായിരുന്നു. ഇന്ത്യന്‍ ബാറ്റിങില്‍ അന്നു ഹീറോയായത് സെവാഗായിരുന്നു. ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത അദ്ദേഹം ആറാം നമ്പറില്‍ ഇറങ്ങി കന്നി അർധ സെഞ്ച്വറി കുറിക്കുകയായിരുന്നു. 54 ബോളില്‍ 58 റണ്‍സാണ് സെവാഗ് സ്‌കോര്‍ ചെയ്തത്. ഈ പ്രകടനത്തിനു പിന്നാലെ സെവാഗിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കൂയെന്നു സെലക്ടര്‍മാരോടു ഗാംഗുലി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നു 2001 ജൂണില്‍ ആദ്യമായി വിദേശ പര്യടനത്തിനുള്ള ടീമില്‍ സെവാഗ് ഇടം നേടി. പക്ഷെ പരമ്പരയില്‍ അദ്ദേഹം വന്‍ ദുരന്തമായി മാറി. ഇതോടെ സെവാഗ് വീണ്ടും വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും അവന് സമയം നല്‍കൂയെന്നാണ് ദാദ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ന്യൂസിലാന്‍ഡുമായുള്ള ഏകദിനത്തില്‍ സെവാഗിനോടു ഓപ്പണ്‍ ചെയ്യാന്‍ ഗാംഗുലി ആവശ്യപ്പെട്ടത്. വീരു ആദ്യം മടിച്ചെങ്കിലും ദാദയുടെ ഉറച്ച നിർദേശം അനുസരിക്കാന്‍ നിര്‍ബന്ധിതനായി. ആദ്യ കളിയില്‍ നേടിയത് 33 റണ്‍സ് മാത്രം. അടുത്ത കളിയിലും ക്ലിക്കായില്ല. പക്ഷെ മൂന്നാമത്തെ മത്സരത്തില്‍ തീപ്പൊരി സെഞ്ച്വറിയുമായി സെവാഗ് തനിനിറം പുറത്തെടുത്തു. ഒരു ഇതിഹാസ ബാറ്ററുടെ പിറവിക്കാണ് അന്നു ലോകം സാക്ഷിയായത്. ഗാംഗുലിയുടെ വലിയ പിന്തുണയും അര്‍പ്പിച്ച വിശ്വാസവുമാണ് സെവാഗിനെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തിയതെന്നു നിസംശയം പറയാം.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment