പരീക്ഷകളിലെ ക്രമക്കേടുകൾ തടയണം; പാർലമെന്റിൽ ബില്ല്

At Malayalam
1 Min Read

പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ബിൽ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്ക് കുറഞ്ഞത് മൂന്നു മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷ നല്‍കുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. സംഘടിതമായി നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് അഞ്ചു മുതൽ 10 വർഷം വരെ തടവ് ശിക്ഷയും ലഭിക്കും.
കേന്ദ്ര-സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ, മെഡിക്കൽ, എഞ്ചിനീയറിംഗ്, യൂണിവേഴ്സിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷകൾ എന്നിവ ഉൾപ്പെടെ വിവിധ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാനാണ് കരട് നിയമം ലക്ഷ്യമിടുന്നത്. കൂടാതെ ഇതിൽ സ്ഥാപനമാണ് ക്രമക്കേട് നടത്തിയതെങ്കിൽ അവർക്ക് ഒരു കോടി രൂപ പിഴയും ചുമത്തും. ഇതിനുപുറമെ നാലുവർഷത്തേക്ക് പൊതുപരീക്ഷ നടത്തുന്നതിന് ഈ സ്ഥാപനങ്ങൾക്ക് വിലക്കും ഏർപ്പെടുത്തും.

അതേസമയം ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മീഷണർ പദവിയില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകണം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കേണ്ടതെന്നും ബില്ലിൽ പരാമർശിക്കുന്നു. കൂടാതെ കേസിൽ അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള അധികാരം കേന്ദ്രസർക്കാരിനും ഉണ്ടായിരിക്കും.

- Advertisement -

ആൾമാറാട്ടം, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ എന്നിവയുൾപ്പെടെ, 20 കുറ്റകൃത്യങ്ങളും ഇതുമായി ബന്ധപ്പെട്ടവയുമാണ് ഈ ബില്ലിന് കീഴിൽ വരുന്നത്. പരീക്ഷകളിലെ ക്രമക്കേടുകളെ കുറിച്ചുള്ള യുവാക്കളുടെ ആശങ്ക കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇത്തരം ദുഷ്പ്രവണതകൾ കർശനമായി നേരിടാൻ പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment