ബ്രിട്ടനിൽ എലിസബത്ത്രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവർ വിൽപനയ്ക്ക്. 2016 മുതൽ ബക്കിങ്ഹാം കൊട്ടാരത്തിന്റെ ഭാഗമായിരുന്ന റോയർ ബ്ലൂ നിറമുള്ള കാർ ആണ് വില്പനയ്ക്ക് വെച്ചത്. 2018 വരെ എലിസബത്ത് രാജ്ഞി ഈ കാറിൽ പൊതു ഇടങ്ങളിൽ സഞ്ചരിച്ചിരുന്നു. സറെയിലെ ബ്രാംലി മോട്ടോർ കാർസിൻ്റെ കൈവശമുള്ള കാറിന് 379,850 (ഏകദേശം നാല് കോടി രൂപ) പൗണ്ടാണ് വില നിശ്ചയിച്ചിരിക്കുന്നത്.
തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലും കാറിന്റെ വിവിധ ചിത്രങ്ങൾ ബ്രാംലി മോട്ടോർ കാർസ് പങ്കുവെച്ചിട്ടുണ്ട്. ഏറെ ചരിത്രപ്രധാന്യമുള്ള ഈ വാഹനം വലിയ തുകയ്ക്ക് തന്നെ വില്പനയ്ക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്. എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന അതേ വാഹന നമ്പർ തന്നെയാണ് ഇപ്പോഴും ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ബ്രാംലി മോട്ടോർ കാർസിലെ സെയിൽസ്മാനായ ജാക്ക് മോർഗൻ ജോനസ് പറഞ്ഞു. വണ്ടിയുടെ നമ്പർ സാധാരണ മാറ്റാറുണ്ട്. എന്നാൽ അതേ നമ്പർ തന്നെയാണ് ഇപ്പോഴുമുള്ളത്.