മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവനെ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ. ഗോഡ്‌സേയെ പുകഴ്ത്തി കൊണ്ട് സംഘപരിവാർ അനുകൂലിയായ വ്യക്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്ന് ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സേ അഭിമാനമാണെന്ന അർത്ഥത്തിൽ ഷൈജ ആണ്ടവൻ കമന്റിട്ടത്.
ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.