പ്രമുഖ വിദ്യാഭ്യാസ ടെക് സ്ഥാപനമായ ബൈജൂസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കാൻ മുൻനിര നിക്ഷേപകർ നീക്കം തുടങ്ങി. കമ്പനിയിൽ 30 ശതമാനത്തിനടുത്ത് ഓഹരികളുള്ള പ്രധാന നിക്ഷേപകരുടെ കൺസോർഷ്യമാണ് നേതൃമാറ്റ ആവശ്യവുമായി രംഗത്തെത്തിയത്.
ബൈജൂസിന്റെ നിലവിലുള്ള പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിന് അസാധാരണ പൊതുയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ നോട്ടീസ് നൽകി. സി.ഇ.ഒ പദവി ഉൾപ്പെടെ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ബൈജു രവീന്ദ്രൻ മാറിനിൽക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. എന്നാൽ സി.ഇ.ഒ മാറ്റത്തിന് ഓഹരി ഉടമകൾക്ക് ആവശ്യമുന്നയിക്കാൻ കഴിയില്ലെന്ന് ബൈജൂസ് വ്യക്തമാക്കി.