സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ 2007 ഫ്രഞ്ച് ഓപ്പണിന്റെ സെമി ഫൈനലിൽ നൊവാക്ക് ജോക്കോവിച്ചിനെയും ഫൈനലിൽ റോജർ ഫെഡററേയും തോൽപ്പിക്കാൻ ഉപയോഗിച്ച ടെന്നിസ് റാക്കറ്റ് ലേലത്തിൽ വച്ചപ്പോൾ വിറ്റുപോയത് 98 ലക്ഷത്തോളം ഇന്ത്യൻ രൂപയ്ക്ക്. ടെന്നിസ് താരങ്ങളുടെ കളിയുപകരണങ്ങൾ ലേലത്തിൽ വയ്ക്കുമ്പോൾ ലഭിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ തുകയാണിത്. നേരത്തേ 2022 ഓസ്ട്രേലിയൻ ഓപ്പണിൽ നദാൽ ഉപയോഗിച്ച റാക്കറ്റ് ഒരു കോടി 16 ലക്ഷത്തിന് ലേലത്തിൽ പോയിട്ടുണ്ട്.
ഇടുപ്പിലെ പരിക്കുമൂലം ഒരുവർഷത്തിലേറെയായി കളിക്കളത്തിന് പുറത്തുള്ള നദാൽ ഇക്കുറി ഓസ്ട്രേലിയൻ ഓപ്പണിന് മുമ്പ് ബ്രിസ്ബേനിൽ മത്സരിച്ചെങ്കിലും വീണ്ടും പരിക്കേറ്റു. ഫെബ്രുവരിയിൽ ഖത്തർ ഓപ്പണിലൂടെ നദാൽ കളത്തിൽ തിരിച്ചെത്തുമെന്നാണ്പ്രതീക്ഷ.