മൊബൈൽ ഫോണുകളുടെ നിർമ്മാണ സാമഗ്രികളുടെ ഇറക്കുമതി തീരുവ 15 ൽ നിന്ന് 10 ശതമാനമായി കുറച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കി .ബാറ്ററി കവറുകൾ, മെയിൻ ലെൻസുകൾ, ബാക്ക് കവറുകൾ, മറ്റ് മെക്കാനിക്കൽ മെറ്റൽ വസ്തുക്കൾ തുടങ്ങിയ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചതായി ധനമന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. ഐഫോൺ, സാംസങ് എന്നിവയുടെ പ്രീമിയം ഫോണുകളുടെ വില കുറയുന്നതിന് തീരുമാനം വഴിവയ്ക്കും.
സ്മാർട്ട്ഫോണുകളുടെ ഉൽപ്പാദനച്ചെലവ് താഴ്ത്താനും ചൈനയെയും വിയറ്റ്നാമിനെയും ആശ്രയിക്കുന്നത് കുറയ്ക്കാനും തീരുവയിൽ വരുത്തിയ കുറവ് സഹായകരമാകും. നിലവിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും രാജ്യത്ത് നിർമ്മിച്ചതാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്മാർട്ട്ഫോൺ കയറ്റുമതി 100 ശതമാനം വർധിച്ച് 11.1 ബില്യൺ ഡോളറിലെത്തും. 2024 സാമ്പത്തിക വർഷത്തിൽ 15 ബില്യൺ ഡോളറിൻറെ കയറ്റുമതിയാണ് മൊബൈൽ നിർമാണ മേഖല പ്രതീക്ഷിക്കുന്നത്.
