ഭക്ഷ്യ സുരക്ഷാ പരിശോധന; കൊച്ചിയിൽ മാത്രം 47 ലക്ഷം പിഴ

At Malayalam
2 Min Read

ഭക്ഷ്യ വിഷബാധയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധനകളാണ് സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ വർഷം നടത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിൽ പിഴയിനത്തിൽ ഈടാക്കിയത്  47,60,300 രൂപയാണ്. ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതിയുടെ യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ആകെ 10,019 പരിശോധനകളാണ് ജനുവരി മുതൽ ഡിസംബർ വരെ ജില്ലയിൽ നടന്നത്. 437 കടകൾ അടച്ചു പൂട്ടി. 14,81,600 രൂപയാണ് ആർ ഡി ഒ കോടതികളിൽ കേസ് ഫയൽ ചെയ്ത് പിഴയിട്ടത്. 80066 കിലോ ഉപയോഗ ശേഷമുള്ള എണ്ണ ശേഖരിച്ച് ബയോ ഡീസൽ നിർമ്മാണത്തിന് നൽകി. ജില്ലയിൽ മൂന്ന് അംഗീകൃത ഏജൻസികൾക്കാണ് ഇത് കൈമാറിയത്. ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷ ബാധയേൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന കേസുകൾ വ്യാപകമായ സാഹചര്യത്തിൽ ഷവർമ്മ കടകളിലെ പരിശോധന കർശനമാക്കിയിരുന്നു. 782 പരിശോധനകൾ നടത്തി 343 കടകൾക്ക് നോട്ടീസ് നൽകി. 86 കടകൾ അടച്ചു. 10,15,000 രൂപയാണ് ഷവർമ്മ വിൽക്കുന്ന കടകളിൽ നിന്ന് മാത്രം പിഴയായി ഈടാക്കിയത്. 

- Advertisement -

മീൻ വിൽപ്പന കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കി. 443 കേന്ദ്രങ്ങളിലാണ് ജില്ലയിൽ കഴിഞ്ഞ വർഷം പരിശോധനകൾ നടത്തിയത്. 69 കടകൾക്ക് നോട്ടീസ് നൽകി. 2,10,000 രൂപയാണ് ഈയിനത്തിൽ ഈടാക്കിയ പിഴ. 6630 കിലോ കേടായ മീനുകൾ കണ്ടെത്തി നശിപ്പിച്ചു. മൊബൈൽ ലാബുകളുടെ നേതൃത്വത്തിൽ 2824 പരിശോധനകൾ നടത്തി. ജില്ലയിലെ 149 ഹോസ്റ്റലുകളിൽ പരിശോധന നടത്തി. 57 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരു ഹോസ്റ്റൽ അടയ്ക്കുകയും ചെയ്തു.
കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസിന്‍റെറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർ ജോൺ വിജയകുമാറിന്‍റെയും അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതി യോഗത്തിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.  ജില്ലയിലെ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉയര്‍ത്തുന്നതിന്‌ സ്കൂളുകളെ ഭക്ഷ്യ സുരക്ഷാ ലൈസൻസിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിനായും ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനും സഹകരണം അഭ്യർഥിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് അയക്കാൻ യോഗം തീരുമാനിച്ചു. 

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ലോട്ടർ ഹൗസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ യോഗം ചേരും. ജില്ലയിലെ ഹോസ്റ്റലുകളിലും പരിശോധന വ്യാപകമാക്കും. ഒരു കോടി രൂപ ചെലവിൽ പനമ്പിള്ളി നഗറിൽ ആരംഭിക്കുന്ന ക്ലീൻ സ്ട്രീറ്റ് ഫുഡ് പദ്ധതിയുടെ ഉദ്ഘാടനം മാർച്ചിന് മുൻപായി നിർവഹിക്കും. ചിപ്സ് ഉണ്ടാക്കുന്ന എണ്ണയുടെ ഗുണനിലവാര പരിശോധനയ്ക്കായി ടോട്ടൽ പോളാർ കൗണ്ട് മെഷീൻ അധികമായി ആവശ്യപ്പെടും. 
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌, നഗരസഭാ ആരോഗ്യ വിഭാഗം എന്നിവരടങ്ങുന്ന രാത്രികാല സംയുക്ത സ്ക്വാഡുകള്‍ തട്ടുകടകള്‍ കേന്ദ്രീകരിച്ച്‌ ഫലപ്രദമായി പരിശോധന നടത്തി വരുന്നുണ്ട്. ഫിഷറീസ്‌, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സഹകരണത്തോടെ പുലർച്ചെ മല്‍സ്യ മാര്‍ക്കറ്റുകള്‍, ഹാ൪ബറുകള്‍ കേന്ദ്രീകരിച്ച്‌ മൊബൈല്‍ ലാബിന്റെ സഹായത്തോടെ ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിധ്യം പരിശോധിക്കാറുണ്ടെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment