ഭ്രമണപഥത്തില്‍ ഉപഗ്രങ്ങളെ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ മാലിന്യമായി അവിടെ തന്നെ തുടരുകയോ കടലില്‍ പതിക്കുകയോയാണ് പതിവ്. ഇതിനൊരു പരിഹാരം കാണാന്‍ കാലങ്ങളായി ശാസ്ത്രജ്ഞര്‍ പരിശ്രമിച്ചുവരികയായിരുന്നു. ഇന്ത്യയുടെ അഭിമാനമായ പോയം – 3 ആ ലക്ഷ്യം കൈവരിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
കുറഞ്ഞ ചെലവില്‍ നിര്‍മിച്ച ബഹിരാകാശ പ്ലാറ്റ്‌ഫോം പോയം – 3, ഈ വര്‍ഷമാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ബഹിരാകാശത്ത് മാലിന്യമായി മാറാതിരിക്കാന്‍ പിഎസ്എല്‍വി റോക്കറ്റിന്റെ നാലാമാത്തതും അവസാനത്തേതുമായ ഘട്ടത്തിനെ ഉപഗ്രഹത്തിന് സമാനമായ പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്നു. ഇതിനായി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്തതാണ് പോയം അഥവാ ഓര്‍ബിറ്റല്‍ എക്‌സ്‌പെരിമെന്റ് മൊഡ്യൂള്‍. ഇതിന്റെ മൂന്നാം പരീക്ഷണമാണ് സി -58ല്‍ നടന്നത്.
ശാസ്ത്രീയ പഠനോപകരണങ്ങള്‍, ഭൂമിയിലിരുന്നു നല്‍കുന്ന നിര്‍ദേശങ്ങളിലൂടെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഉപകരണങ്ങള്‍ എന്നിവ പോയത്തിലുണ്ടായിരുന്നു. സാധാരണ റോക്കറ്റ് അവശിഷ്ടങ്ങളില്‍ ഇവ ഉള്‍പ്പെടില്ല. നാനൂറ് തവണയോളം ഭ്രമണപഥത്തിലൂടെ കറങ്ങിയ പോയം ഇനി 70 ദിവസം കൂടി അവിടെ തുടര്‍ന്ന ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലിറങ്ങി കത്തി നശിക്കും. ഇതോടെ ഈ വിക്ഷേപണകത്തിലെ മാലിന്യം പൂര്‍ണമായും ഇല്ലാതാകും. മറ്റ് ദൗത്യ ആവശ്യങ്ങള്‍ക്കായി മേല്‍പറഞ്ഞ ഉപകരങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം.