ഓർമയിലെ ഇന്ന്: ജനുവരി 28- തിക്കൊടിയൻ

At Malayalam
1 Min Read

മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് തിക്കൊടിയൻ എന്ന പി. കുഞ്ഞനന്തൻ നായർ (1916 – ജനുവരി 28, 2001). പ്രശസ്ത ഹാസ്യസാഹിത്യകാരൻ സഞ്ജയനാണ് കുഞ്ഞനന്തൻനായർക്ക് തിക്കൊടിയനെന്ന പേരിട്ടത്. കോഴിക്കോട് ജില്ലയിലെ തിക്കൊടിയിലാണ് അദ്ദേഹം ജനിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ തൂലികാനാമത്തിന് വഴിവച്ചതും. അമച്വർ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകൾ നൽകിയ നാടകകൃത്താണ് തിക്കൊടിയൻ.

കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായ ‘ദേശപോഷിണി ഗ്രന്ഥശാലയ്ക്കുവേണ്ടി എഴുതിയ ‘ജീവിതം’ എന്ന നാടകത്തിലാണ് തുടക്കം.പ്രൊഫഷണൽ നാടകവേദി പുതുമകൾതേടിയതിനു തിക്കൊടിയനും ഒരു കാരണക്കാരനാണ്. ആകാശവാണിക്കുവേണ്ടി നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. ശബ്ദസാധ്യതയെ മാത്രം ഉപയോഗപ്പെടുത്താനാവുന്ന റേഡിയോ നാടകങ്ങളെ ജനകീയമാക്കുന്നതിൽ തിക്കൊടിയൻ നിസ്സാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. ഏതാനും നോവലുകളും കവിതകളും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾ തന്നെയാണ് തിക്കൊടിയന്റെ നാടകങ്ങൾ. മനുഷ്യജീവിതത്തിലെ സ്നേഹവും പകയും വിധേയത്വവും വിദ്വേഷവും തെറ്റിദ്ധാരണകളും കലഹങ്ങളും പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളുമെല്ലാം ഉള്ളിൽ തട്ടുന്നതരത്തിൽ തിക്കോടിയൻ അവതരിപ്പിച്ചിട്ടുണ്ട്.

ആത്മകഥയായ “അരങ്ങ് കാണാത്ത നടൻ ” എന്ന പുസ്തകത്തിൽ മലബാറിന്റെ സാമൂഹിക സാംസ്കാരിക വിശേഷങ്ങൾ മനോഹരമായി വിവരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന് 1995 ൽ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കൂടാ‍തെ ആ വർഷം തന്നെ ഈ കൃതിക്ക് വയലാർ രാമവർമ്മ പുരസ്കാരവും ലഭിച്ചു. യാഗശില, ഒരേകുടുംബം എന്നീ റേഡിയോ പ്രോഗ്രാമുകൾ ആകാശവാണിയുടെ നാഷനൽ നെറ്റ്‌വർക്കിൽ പ്രക്ഷേപണം ചെയ്യുകയും ഇന്ത്യയിലെ എല്ലാഭാഷകളിലും തർജ്ജുമ ചെയ്ത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു .

- Advertisement -

“സ്നേഹിച്ചവരും സ്നേഹിക്കാത്തവരും പാവപ്പെട്ടവരും ധനികരും എല്ലാം ഒരുപോലെ നേരമെത്തുമ്പോൾ മരിച്ചുപോകുന്ന ഈ ഭൂമിയിൽ സ്നേഹിക്കുന്നതും വെറുക്കുന്നതും പക വെയ്ക്കുന്നതും എല്ലാം വിഡ്ഢിത്തമാണ്. നമ്മളൊക്കെ തനിച്ചുവരുന്നു; തനിച്ചുപോകുന്നു” – ഇതായിരുന്നു തി ക്കൊടിയന്റെ ജീവിതത്തോടുള്ള സമീപനം’.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment