സഹിക്കുന്നതിന് പരിധിയില്ലേ… വിമാന ചിറകിൽ കയറി പ്രതിഷേധം

At Malayalam
1 Min Read

വിമാനത്തിന്റെ ടേക്ക് ഓഫ് ഏറെ വൈകിയതോടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്ന് വിമാനത്തിൻ്റെ ചിറകിൽ കയറി നിൽപ്പായി. മെക്സിക്കോയിലാണ് സംഭവം. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്‌റോമെക്‌സിക്കോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് എമർജൻസി എക്‌സിറ്റ് തുറന്ന് വിമാനത്തിൻ്റെ ചിറകിൽ കയറി നിന്നത്. സഹയാത്രികർ ഇയാൾക്ക് പിന്തുണയും നൽകി. ഇയാളെ പോലീസിന് കൈമാറിയതായി വിമാനത്താവള അധികൃതർ പിന്നീട് അറിയിച്ചു.

AM672 എന്ന ഫ്ലൈറ്റ് പുറപ്പെടാൻ മണിക്കൂറുകൾ വൈകിയതാണ് ഇത്തരത്തിൽ ഒരു പ്രതിഷേധത്തിന് കാരണം. നാലു മണിക്കൂറോളം വിമാനം വൈകിയപ്പോൾ തങ്ങൾ അസഹനീയമായ അവസ്ഥയിലായെന്ന് യാത്രക്കാർ പറഞ്ഞു. നാലു മണിക്കൂറോളം വെൻ്റിലേഷനും വെള്ളവും ഇല്ലായിരുന്നു. പലരും ബോധം നഷ്ടമാകുന്ന അവസ്ഥയിലെത്തി. വിമാനത്തിലുള്ള എല്ലാവരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനാണ് യാത്രക്കാരൻ വെല്ലുവിളി നിറഞ്ഞ സമരമാർ​ഗത്തിലേക്ക് പോയതെന്ന് സഹയാത്രികർ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 8.45-ന് പുറപ്പെടേണ്ട വിമാനം അറ്റകുറ്റപ്പണികൾ കാരണമാണ് വൈകിയത്.

- Advertisement -

എന്നാൽ, വിമാനത്തിനുള്ളിൽ കയറിയ യാത്രക്കാർക്ക് മതിയായ സൗകര്യമൊരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. വിമാനം വൈകിയപ്പോൾ യാത്രക്കാർ അസ്വസ്ഥരായെന്നും അവരിൽ ഒരാൾ എമർജൻസി വാതിൽ തുറന്ന് ചിറകിൽ കയറിയെന്നും വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. എയർപോർട്ട് അധികൃതർ ഇയാളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകൾ പ്രകാരം വിമാനം ഏകദേശം അഞ്ചു മണിക്കൂർ വൈകി. വിമാനത്തിനുള്ളിൽ പകർത്തിയ വീഡിയോയിൽ യാത്രക്കാർ കടുത്ത ചൂടിൽ ബു​ദ്ധിമുട്ടുന്നതും ഫ്ലൈറ്റ് അറ്റൻഡൻ്റിനോട് കുടിവെള്ളം ആവശ്യപ്പെടുന്നതും ഒക്കെ കാണാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment