മലൈക്കോട്ടൈ വലിബൻ റിലീസിന് പിന്നാലെ വൻ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ചിത്രത്തിനെ കുറിച്ചുള്ള മോശം അഭിപ്രായങ്ങൾക്കെതിരെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സിനിമയ്ക്കെതിരെ ഹേറ്റ് ക്യാമ്പയിൻ എന്തിനെന്നറിയില്ലെന്ന് ലിജോ പറഞ്ഞു. എറണാകുളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചത്. നമ്മൾ കണ്ട് പരിചിതമായ രീതി വേണമെന്ന് എന്തിന് വാശി പിടിക്കണം.’- ലിജോ പറയുന്നു.
മലൈക്കോട്ടൈ വലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത് . ഷോ കണ്ട പ്രേക്ഷകർ പറയുന്നതാണ് കൂടുതൽ സ്വീകരിക്കുന്നത്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കിൽ എന്റെ വാക്കുകളും വിശ്വസിക്കണം. എല്ലാവരും ഈ സിനിമ തീയറ്ററിൽ തന്നെ പോയി കാണണം. പല കഥാപാത്രങ്ങൾക്കും പൂർണതയില്ലെന്ന് തോന്നുന്നത് അതിന് ബാക്കി ഭാഗം ഉള്ളതുകൊണ്ടാണ് എന്നും ലിജോ പറഞ്ഞു.
