ഓർമയിലെ ഇന്ന്: ജനുവരി 24- സുകുമാർ അഴീക്കോട്

At Malayalam
1 Min Read

കേരളത്തിലെ പ്രശസ്തനായ അധ്യാപകനും സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും സാമൂഹ്യ നിരീക്ഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12, 1926 -ജനുവരി 24, 2012). സഞ്ചരിക്കുന്ന മനസാക്ഷിയായും പ്രഭാഷണ കലയുടെ കുലപതിയായും ഇദ്ദേഹം അറിയപ്പെടുന്നു. പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളിൽ ജനറൽ കൗൺസിൽ, എക്സിക്യൂട്ടിവ് കൗൺസിൽ എന്നിവയിൽ അംഗമായിരുന്നു. ഇതിനു പുറമേ പല പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

1956-ൽ പ്രസിദ്ധീകരിച്ച ‘രമണനും മലയാള കവിതയും’ എന്ന കൃതിയിലൂടെ മലയാളികൾ എക്കാലവും കാല്പനികതയുടെ വസന്തമായി കണക്കാക്കുന്ന ചങ്ങമ്പുഴ , അഴീക്കോടിന്റെ ഖണ്ഡനവിമർശനത്തിന് വിധേയനാകുന്നുണ്ട്. കാവ്യമെന്ന നിലയിൽ രമണൻ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് ഈ കൃതി. പുരോഗമന സാഹിത്യത്തോട് അദ്ദേഹം പ്രകടിപ്പിച്ചിരുന്ന എതിർപ്പ് പുരോഗമനസാഹിത്യവും മറ്റും എന്ന കൃതിയിൽ പ്രകടമാക്കപ്പെടുന്നുണ്ട്. അനുകരണാത്മകതയിൽ മാത്രം പിടിച്ചു നിൽക്കുന്നതാണ് ജി. ശങ്കരക്കുറുപ്പിന്റെ കവിതകൾ എന്ന വിമർശനവുമായി 1963-ൽ പുറത്തിറങ്ങിയ ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയും മലയാളസാഹിത്യലോകത്ത് ശ്രദ്ധേയമായി. അഴീക്കോടിന്റെ വിമർശനപക്ഷപാതം ഖണ്ഡനനിരൂപണത്തോടാണെന്ന് പ്രഖ്യാപിക്കുന്നത് ഈ കൃതിയിലൂടെയാണ്.

1984-ൽ പ്രസിദ്ധീകരിച്ച ‘തത്ത്വമസി’ അദ്ദേഹത്തിന്റെ കൃതികളിൽ വച്ച് ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു. ഔപനിഷദിക ദർശനങ്ങളുടെ ഉൾപ്പൊരുൾതേടുന്ന ഈ കൃതി കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment