തൃശൂർ സ്വദേശിനിയായ മലയാളി നഴ്സ് നാട്ടിൽ നിര്യാതയായി. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്‍റെ സ്വകാര്യ ആരോഗ്യ ടീം അംഗമായിരുന്ന ത്രേസ്യാ ഡയസ് (62) ആണ് മരിച്ചത്. കുവൈത്ത് -ഇറാഖ് യുദ്ധകാലത്ത് ടീമംഗങ്ങളിൽ പലരും സ്വദേശങ്ങളിലേക്ക് മടങ്ങിയപ്പോഴും യുദ്ധഭൂമിയിലെ ആശുപത്രിയിൽ നിർഭയം ജോലി ചെയ്ത ത്രേസ്യാ ഡയസിന് സദ്ദാം ഹുസൈൻ നേരിട്ട് പുരസ്ക്കാരം സമ്മാനിച്ചിരുന്നു.
നഴ്സായി ജോലി ചെയ്തിരുന്ന കാലത്ത് ഇറാഖ് യുദ്ധത്തിൽ ഷെല്ലാക്രമണത്തിൽ മുറിവേറ്റ സൈനികരെ ടെന്‍റുകളിൽ പോയി ശുശ്രൂഷ നൽകിയതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ത്രേസ്യാ ഡയസ് വയോധികർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി പരിചരണ കേന്ദ്രങ്ങൾ കേരളത്തിൽ തുടങ്ങിയിട്ടുണ്ട്. മൂന്നു ദശാബ്ദക്കാലം കുവൈത്തിലെ സ്പെഷ്യൽ സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്.