പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് എന്നു കേൾക്കുമ്പോൾ തന്നെ മലയാളി മനസിൽ ഒരു ഉത്സവമേളമാണ്. 1984 ല്‍ പൂച്ചയ്ക്കൊരു മൂക്കുത്തിയിൽ തുടങ്ങി 2021 ലെ മരക്കാർ വരെ കാഴ്ചയുടെ വർണ പ്രപഞ്ചം മലയാളിക്കു സമ്മാനിച്ച കൂട്ടുകെട്ടാണത്. താൻ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തിൽ പുതിയ ചിത്രമൊരുങ്ങുന്നു എന്ന് മോഹൻലാൽ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു.
എമ്പുരാനു ശേഷം ജോഷിയുടെ സംവിധാനത്തിൽ ഒരു ചിത്രം,പിന്നാലെ സത്യന്‍ അന്തിക്കാടിന്റെ ചിത്രം. തുടർന്ന് പ്രിയദര്‍ശനുമൊത്ത് ഒരു ചിത്രം, അതിനു പിന്നാലെ ജീത്തു ജോസഫ് ചിത്രം റാം. ഇതാണ് ലാലിന്റെ തുടർ പ്രോജക്ടുകൾ എന്ന് അദ്ദേഹം തന്നെ അറിയിച്ചു.
പ്രിയദര്‍ശൻ – മോഹന്‍ലാൽ കൂട്ടുകെട്ടിൽ എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് , ആന്തോളജിയുടെ ഭാഗമായി തയ്യാറാക്കിയ ചിത്രം ഇനി പുറത്തു വരാനുണ്ട്. 1970 ല്‍ എം ടി യുടെ രചനയിൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ആന്തോളജിക്കുവേണ്ടി പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തത്.
മോഹന്‍ലാല്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്‍ വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന് ഇപ്പോൾ തന്നെ വൻ ഹൈപ്പാണ് കിട്ടിയിട്ടുള്ളത്.