സംസ്ഥാനത്ത് സ്കൂൾ അധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും പരിഷ്കരിക്കാൻ പ്രത്യേക കരടുചട്ടം തയ്യാറാക്കി. ഖാദർകമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള മാറ്റത്തിൽ ഹൈസ്കൂൾ വിഭാഗം ഇനി ഉണ്ടാവില്ല. ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂളുകൾ ലയിപ്പിച്ച് ‘സെക്കൻഡറി’ എന്നാക്കി. ഹൈസ്കൂളിനുമാത്രമായി ഇനി അധ്യാപകരെ നിയമിക്കില്ല. ഹയർ സെക്കൻഡറിയിൽ ജൂനിയർ, സീനിയർ തസ്തികളും ഉണ്ടാവില്ല.’സെക്കൻഡറി’യിൽ നിയമിക്കുന്നവർ എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കണം. നിയമനത്തിന് ബിരുദാനന്തരബിരുദവും പ്രൊഫഷണൽ യോഗ്യതയും നിർബന്ധമാക്കി.
സെക്കൻഡറിക്കു താഴെയുള്ള സ്കൂളുകളിൽ അധ്യാപകരാവാൻ ബിരുദവും പ്രൊഫഷണൽ യോഗ്യതയും വേണം. അഞ്ചുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യാപകനിയമനവും വിഷയാധിഷ്ഠതമാക്കി. പ്രീ-പ്രൈമറി ടീച്ചർ, പ്രൈമറി ടീച്ചർ, സെക്കൻഡറി ടീച്ചർ, വർക്ക് എജുക്കേഷൻ ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ എന്നീ അഞ്ചുവിഭാഗം അധ്യാപകരേ ഉണ്ടാവൂ. ഇപ്പോഴുള്ള അധ്യാപകരെ ബാധിക്കാതിരിക്കാൻ, നിയമനപരിഷ്കാരങ്ങൾ 2030 ജൂൺ ഒന്നുമുതലേ പൂർണമായി നടപ്പാക്കൂ.