ജപ്പാനിലെ പ്രശസ്തമായ അകുതഗാവ പുരസ്കാരം നേടിയ നോവലിന്റെ കുറച്ചുഭാഗം ചാറ്റ്ബോട്ടിന്റെ സൃഷ്ടിയാണെന്ന് എഴുത്തുകാരി റീ കുദാൻ വെളിപ്പെടുത്തി. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള രചനാസഹായിയായ ചാറ്റ് ജിപിടി എഴുതിത്തന്നത് താൻ പകർത്തുകയായിരുന്നെന്ന് പുരസ്കാരം ഏറ്റുവാങ്ങിയുള്ള പ്രസംഗത്തിലാണു കുദാൻ (33) തുറന്നു സമ്മതിച്ചത്.
ജീവിതത്തിന്റെ കേന്ദ്രമായി എഐ മാറിയ ഭാവിലോകത്തിന്റെ ഭാവനാത്മക കഥ പറയുന്ന ‘ടോക്കിയോ ടവർ ഓഫ് സിംപതി’ എന്ന നോവലിന്റെ 5 ശതമാനമാണ് ഇങ്ങനെ നിർമിത ബുദ്ധിയുടെ വാക്കുകളിലുള്ളത്. എഐ പ്രമേയമായുള്ള കൃതിയിൽ ചാറ്റ് ജിപിടിയുടെ ഉപയോഗം തെറ്റല്ലെന്ന അഭിപ്രായവും സമിതിയിലെ ചിലർക്കുണ്ട്.