ജീത്തു ജോസഫ് – മോഹൻലാൽ സൂപ്പർ ഹിറ്റ് ചിത്രം നേര് നൂറു കോടി കളക്ഷൻ സ്വന്തമാക്കിയതായി നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ്. കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെയാണ് വിവരം പുറത്തുവിട്ടത്. ‘മലയാളികളുടെ ആശീർവാദത്തോടെ ഈ കൂട്ടുകെട്ട് 100കോടിയിൽ’ എന്ന പോസ്റ്ററും ഇതിനൊപ്പമുണ്ട്.
‘എല്ലാ സ്നേഹത്തിനും നന്ദി! നേര് 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും നന്ദി’, എന്നതാണ് പോസ്റ്റ്. കഴിഞ്ഞ ഡിസംബർ 21 നാണ് ചിത്രം റിലീസ് ചെയ്തത്. കഴിഞ്ഞ വർഷം നൂറു കോടി സ്വന്തമാക്കിയ മലയാള സിനിമകളിൽ മൂന്നാം സ്ഥാനത്താണ് നേര്. 2018, RDX എന്നിവയാണ് 100 കോടി നേടിയ മറ്റു ചിത്രങ്ങൾ.
മോഹൻലാലിന്റെ മൂന്നാമത്തെ നൂറു കോടി ചിത്രം കൂടിയാണ് നേര്. പുലിമുരുകൻ, ലൂസിഫർ എന്നിവയാണ് നേരത്തേ ഈ നേട്ടം കൈവരിച്ച ലാൽ സിനിമകൾ.ലാലിനൊപ്പം സിദ്ധിഖ്, പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, ഗണേഷ് കുമാര്‍, അദിതി രവി, ശ്രീധന്യ, നന്ദു, രശ്മി അനില്‍, ശാന്തി മായാദേവി എന്നിവരും നേരിലുണ്ട്.