ഇന്ത്യ നൽകിയ ഡോർണിയർ വിമാനം തന്റെ എയർലിഫ്റ്റിനായി ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നൽകാത്തതിനെ തുടർന്ന് മാലദ്വീപ് തലസ്ഥാനമായ മാലെയിൽ 14 വയസ്സുള്ള ആൺകുട്ടി മരിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച് , ഇന്ത്യ നൽകിയ ഡോർണിയർ വിമാനം മാലദ്വീപിൽ എയർ ആംബുലൻസായി ഉപയോഗിക്കുന്നുണ്ട്. ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഈ വിമാനം ഉപയോഗിച്ച് വന്നിരുന്നത്.
ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വിൽമിങ്ടനിൽ താമസിക്കുന്ന 14 വയസ്സുകാരനാണ് മരിച്ചത്. ബ്രെയിൻ ട്യൂമർ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ എയർ ആംബുലൻസിന് അനുമതി തേടി 16 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി നൽകാൻ വ്യോമയാന അധികൃതർ തയ്യാറായില്ല.മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ മാലെയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
