‘അന്നപൂരണി’ ചിത്രത്തിന്റെ വിവാദത്തിൽ മാപ്പ് പറഞ്ഞ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. താൻ വിശ്വാസിയാണ്, ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള ശ്രമം ബോധപൂർവം നടത്തിയിട്ടില്ലെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിട്ട കുറിപ്പിൽ താരം വ്യക്തമാക്കി. സെൻസർ ബോർഡ് അനുമതിയോടെ തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഒടിടിയിൽ വരുമ്പോൾ വിവാദമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ‘ജയ് ശ്രീ റാം’ എന്ന തലക്കെട്ടിൽ പുറത്തുവിട്ട കുറിപ്പിൽ നയൻതാര പറയുന്നു.
ചിത്രത്തിലൂടെ പോസിറ്റീവ് ആയ സന്ദേശം നൽകാനായിരുന്നു ശ്രമം. എന്നാൽ, അത് ചിലരുടെ മനസിനെയെങ്കിലും വേദനിപ്പിച്ചുവെന്ന് ഞങ്ങൾക്ക് അറിയാൻ സാധിച്ചു. മനപ്പൂർവമായല്ല അങ്ങനെ ചെയ്തത്. സെൻസർ ചെയ്ത് തിയേറ്ററിൽ നേരത്തെ പ്രദർശിപ്പിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആരുടെയും വികാരം വ്രണപ്പെടുത്താൻ ഞാനും എന്റെ ടീമും ഉദ്ദേശിച്ചിട്ടില്ല. ഇത് എത്രത്തോളം ഗൗരവമുള്ള വിഷയമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന, എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ഞാൻ ഇത് മനപ്പൂർവം ചെയ്‌തതല്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിൽ ഞാൻ നിങ്ങളുടെ വികാരങ്ങളെ സ്‌പർശിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണം’ – നയൻതാര വ്യക്തമാക്കി.