അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണമെന്ന പിന്നണി ഗായിക കെ എസ് ചിത്രയുടെ വാക്കുകള്‍ക്ക് നിരവധി വിമര്‍ശനങ്ങളുണ്ടായി. പ്രശസ്തരും അപ്രശസ്തരുമായ ആളുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും വിമര്‍ശനങ്ങളുന്നയിക്കുന്നുണ്ട്. ഇപ്പോൾഎഴുത്തുകാരി ഇന്ദുമേനോൻ ചിത്രയെ വിമര്‍ശിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്.
രൂക്ഷ ഭാഷയിലാണ് ചിത്രയെ, ഇന്ദുമേനോന്‍ വിമർശിക്കുന്നത്. കുയിലായിരുന്നുവെന്ന് ലോകത്തെ വിശ്വസിപ്പിച്ചവര്‍ കള്ളിപ്പൂങ്കുയിലാണെന്നാണ് ഇന്ദുമേനോൻ പോസ്റ്റില്‍ പറയുന്നത്. ക്ലാസിക് കലകളുടെ ഉപാസകർ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീര്‍ത്തനങ്ങള്‍ പാടുകയും പഠിക്കുകയും ചെയ്യുന്നുണ്ടാകാം. അതിനര്‍ത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്‍ക്കുക എന്നതല്ലെന്നും ഇന്ദുമേനോന്‍ പറയുന്നു.
ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട് . ഇഷ്ടമുള്ള പക്ഷത്ത് നില്‍ക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. മനുഷ്യഹത്യയും വംശീയോന്‍മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവത്ക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. നിങ്ങള്‍ നിഷ്‌ക്കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യര്‍ കൊല്ലപ്പെടുക തന്നെ ചെയ്യും. മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങള്‍ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാന്‍ പോകുന്നില്ല. അഞ്ചല്ല അഞ്ചു ലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സില്‍ വെളിച്ചം നിറയാനും പോകുന്നില്ല. കുയില്‍ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത് .എന്നാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു. ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടില്‍ അങ്ങ് നടപ്പിലാക്കിയാല്‍ മതി- ഇത്തരത്തിലാണ് ചിത്രയ്ക്കെതിരെ ഇന്ദുമേനോന്റെ പോസ്റ്റ്.